തിരുവനന്തപുരം: ആർഎസ്പി യുഡിഎഫിൽ നിന്നും പോയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് താത്കാലിക വിരാമം. തത്കാലം യുഡിഎഫിനൊപ്പം തുടരാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കാനുള്ള തീരുമാനവും പാർട്ടി ഉപേക്ഷിച്ചു.
കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുടെ പേരിൽ ഷിബു ബേബി ജോണ്‍ ഉൾപ്പടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആർഎസ്പി മുന്നണി വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കോണ്‍ഗ്രസിനെതിരേ ആർഎസ്പി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് തോൽവി പോലും യുഡിഎഫ് പരിശോധിക്കാൻ തയാറായില്ലെന്നാണ് ആർഎസ്പിയുടെ വിമർശനം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പടെയുള്ള തോൽവിയുടെ കാരണക്കാർ കോണ്‍ഗ്രസാണെന്നാണ് ആർഎസ്പിയുടെ നിലപാട്.
ഇടഞ്ഞുനിൽക്കുന്ന ആർഎസ്പിയെ അനുനയിപ്പിക്കാൻ ഉഭയകക്ഷി ചർച്ച നടത്താൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇരു പാർട്ടി നേതൃത്വങ്ങളും കൂടിക്കാണും. നേരത്തെ ഈ ചർച്ചയിൽ പങ്കെടുക്കേണ്ടെന്നാണ് ആർഎസ്പി തീരുമാനിച്ചതെങ്കിലും പിന്നീട് നിലപാട് മാറ്റി.
അതേസമയം ആർഎസ്പിയുടെ നിലപാട് മാറ്റം എൽഡിഎഫ് സസൂക്ഷമം നിരീക്ഷിക്കുകയാണ്. ആർഎസ്പി ആദ്യം പരസ്യ നിലപാട് പ്രഖ്യാപിക്കട്ടെ എന്ന് എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ പറഞ്ഞു.