
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. 20ഓളം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗബാധിതരെയും പ്രായമായവരെയും ആദ്യം മാറ്റും. 20 റവന്യു ഉദ്യോഗസ്ഥര്‍ക്ക് 20 ക്യാമ്പിന്റെ ചുമതല നല്‍കി.
ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക ചുമതല നല്‍കി. ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ നീക്കി. പെരിയാര്‍ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തും. വാഹനങ്ങളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജമാണ്.
മുല്ലപ്പെരിയാര്‍ ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചു. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. 20 റവന്യു ഉദ്യോഗസ്ഥന്മാര്‍ക്ക് 20 ക്യാമ്പുകളുടെ ചുമതല നല്കിയിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ സജ്ജമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്‌നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റില്‍ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാര്‍ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.