റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീലിയന്‍ ഇതിഹാസം ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാള്‍ഡീഞ്ഞോ നിലപാട് വ്യക്തമാക്കിയത്.
‘എനിക്ക് മതിയായി. ബ്രസീലിയന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള്‍ കാണുന്നതില്‍ ഊര്‍ജം കണ്ടെത്താന്‍ സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളായി ടീമില്‍ മികച്ച ലീഡര്‍മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്’, റൊണാള്‍ഡീഞ്ഞോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘കുട്ടിക്കാലം മുതലേ ഫുട്‌ബോള്‍ പിന്തുടരുന്നയാളാണ് ഞാന്‍. ഇതുപോലെ മോശമായ അവസ്ഥ ബ്രസീല്‍ ഫുട്‌ബോളില്‍ ഇതിന് മുന്‍പ് കണ്ടിട്ടേയില്ല. ഫുട്‌ബോളിനോടും രാജ്യത്തോടുമുള്ള സ്‌നേഹം ഇപ്പോള്‍ കുറവാണ്. വളരെ മോശമായ കാര്യമാണത്. ഇത്തവണ കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ മത്സരങ്ങള്‍ കാണുകയോ എന്തെങ്കിലും വിജയങ്ങള്‍ ആഘോഷിക്കുകയോ ചെയ്യില്ല’, റൊണാള്‍ഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
കോപ്പ അമേരിക്ക കിരീട ഫേവറിറ്റുകളായ ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ കഴിഞ്ഞ ദിവസം അമേരിക്ക സമനിലയില്‍ തളച്ചിരുന്നു. അഞ്ചു തവണ ലോകചാമ്പ്യന്മാരും ഒമ്പത് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ ബ്രസീലിനെ 1-1 നാണ് അമേരിക്ക പിടിച്ചു കെട്ടിയത്. 17ാം മിനിറ്റിൽ സ്ട്രൈക്കർ റോഡ്രിഗോയിലൂടെ ബ്രസീലാണ് ആദ്യം ഗോൾ നേടിയത്. ബ്രസീലിയൻ മിഡ്ഫീൽഡർ ബ്രൂണോ ഗുയിമാരേസ് ബോക്സിനകത്തേക്ക് നീട്ടിയ നൽകിയ പന്ത് പിടിച്ചെടുത്ത റോഡ്രിഗോ അനായാസം ലക്ഷ്യം കണ്ടു.
എന്നാൽ 26 ആം മിനുട്ടിൽ പുലിക്സിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു. ശേഷം ഇരു ടീമിനും വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജൂൺ 25 ന് കോസ്റ്റോറിക്കയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയിൽ നിന്നാണ് ബ്രസീൽ മത്സരിക്കുന്നത്. കൊളംബിയയാണ് ഗ്രൂപ്പിലെ ശക്തമായ മറ്റൊരു ടീം.