ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റുകളും ഉപേക്ഷിച്ച നിലയങ്ങളും എന്നും ഭൂമിയിലുള്ളവർക്ക് ഭീഷണിയാണ്. ചൈന വിക്ഷേപിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ പലപ്പോഴും ഭൂമിയിൽ പതിക്കാറുമുണ്ട്. ഇപ്പോൾ മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ റോക്കറ്റ് വൈകാതെ തന്നെ ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്നും ഗവേഷകർ പറയുന്നു.
മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ വന്ന റിപ്പോർട്ടുകൾ പ്രകാരം സ്പേസ്എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കുമന്നായിരുന്നു. എന്നാൽ, ഗവേഷകരുടെ പുതിയ നിരീക്ഷണപ്രകാരം ചന്ദ്രനിൽ പതിക്കാൻ പോകുന്നത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ്. മാർച്ച് 4 ന് ചൈനീസ് റോക്കറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചേക്കും. എന്നാൽ നേരത്തേ പ്രഖ്യാപിച്ചതിന് വിരുദ്ധമായി ഇത് ഇലോൺ മസ്‌കിന്റെ കമ്പനിയുടെ റോക്കറ്റ് അല്ല, മറിച്ച് ചൈനീസ് നിർമിതമാണ് എന്നാണ് വിദഗ്ധർ പറയുന്നത്.
ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങുന്നത്. ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് റോക്കറ്റിന്റെ ഇടിച്ചിറങ്ങലിലൂടെ ചന്ദ്രോപരിതലത്തിൽ രൂപം കൊള്ളുന്ന ഗർത്തം നിരീക്ഷിക്കാൻ ശ്രമിക്കുമെന്ന് നാസയും അറിച്ചു. ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യുന്ന നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിലെ (എൽആർഒ) ക്യാമറകളാകും ഇത് നിരീക്ഷിച്ച് ചിത്രീകരിക്കുക.
സ്പേസ് എക്സ് 2015ൽ വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രനിൽ പതിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഓർബിറ്റൽ ഡൈനാമിക്സിൽ സ്വതന്ത്ര ഗവേഷണം നടത്തുന്ന ബിൽ ഗ്രേ എന്നയാളാണു റോക്കറ്റിന്റെ അവശേഷിക്കുന്ന ഒരു ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ബിൽ ഗ്രേ പറയുന്നതിങ്ങനെ– ‘ കഴിഞ്ഞ വർഷം മാർച്ച് 4നു ശേഷം എനിക്ക് ആ റോക്കറ്റ് ഭാഗത്തിന്റെ പാതയിൽ മാറ്റം കാണാൻ കഴിഞ്ഞു. ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള പാതയിലാണു റോക്കറ്റെന്നു പിന്നീടു മനസ്സിലായി’. കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ പറഞ്ഞു. കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണു കരുതുന്നത്.
ഈ മാസം ആദ്യം ഗ്രേയുടെ ബ്ലോഗ് പോസ്റ്റ് വന്നതിനു പിന്നാലെ മറ്റു ഗവേഷകർ റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക. മാർച്ച് ആദ്യത്തിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക. എന്നാൽ ചില ശാസ്ത്രജ്ഞർ റോക്കറ്റ് ചന്ദ്രനിൽ പതിക്കുന്നതിൽ കൗതുകമുണ്ടെന്നും എന്നാൽ അതു വലിയ സംഭവമല്ലെന്നുമാണു പ്രതികരിച്ചത്. ചൈന ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല.
ഭൂമിയിലേക്കു തിരിച്ചിറക്കാൻ പദ്ധതിയിടുന്ന റോക്കറ്റുകളുടെയും മറ്റും അവസാന സ്റ്റേജിൽ ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കണമെന്നാണു ബഹിരാകാശ ഏജൻസികൾക്കിടയിലെ പൊതു തത്വം. ബഹിരാകാശത്തെ മാലിന്യങ്ങൾ കുറയ്ക്കാൻ ഇനി വിക്ഷേപിക്കുന്ന റോക്കറ്റുകളിൽ കഴിയുന്നത്രയും തിരിച്ചിറക്കുകയാണു ലക്ഷ്യമിടുന്നത്. ചൈനയുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയും ആവശ്യത്തിന് ഇന്ധനം റോക്കറ്റിൽ ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ധനം ഉണ്ടായിരുന്നെങ്കിൽ റോക്കറ്റ് ഭൂമിയിലേക്കു തിരച്ചിറക്കാൻ കഴിയുമായിരുന്നു.
പ്രോജക്ട് പ്ലൂട്ടോ എന്ന സൗജന്യ അസ്ട്രോണമിക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു ബിൽ ഗ്രേയും ടീമും പഠനം നടത്തിയത്. ഫാൽക്കൺ റോക്കറ്റിനു സമാനമായി അതേ മേഖലയിൽ സഞ്ചരിക്കുന്ന ഒട്ടേറെ ബഹിരാകാശ അവശിഷ്ടങ്ങളുണ്ട്. അവയുടെയൊക്കെ സഞ്ചാരപാതയിലെ ചെറിയ മാറ്റങ്ങൾപോലും ഗ്രേയും സംഘവും സോഫ്റ്റ്‌വെയർ സഹായത്തോടെ കണ്ടെത്തും. ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിനു മധ്യത്തിലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വസ്തുക്കൾക്കു മൂന്നു സാധ്യതകളാണുള്ളത്. ചന്ദ്രന്റെ ആകർഷണത്തിൽ ചന്ദ്രനിൽ പതിക്കുക, ഭൂമിയുടെ ആകർഷണത്തിൽ ഭൂമിയിലേക്കു പതിക്കുക, ഇവയുടെ രണ്ടിന്റെയും ആകർഷണത്തിൽ ഉയർന്ന തോതിലുള്ള ഊർജം സംഭരിച്ച് സൂര്യനടുത്തേക്ക് എറിയപ്പെടുക എന്നിവയാണ് ആ സാധ്യതകൾ. മറ്റു രണ്ടു സാധ്യതകളിൽ നിന്നും പുതുതായി ഒന്നും പഠിക്കാനില്ലാത്തതിനാൽ ചന്ദ്രനിൽ റോക്കറ്റ് പതിക്കുന്നതു മറ്റുള്ളവയെക്കാൾ സന്തോഷമുള്ള കാര്യമാണെന്നാണു ഗ്രേ പറഞ്ഞത്.
മനുഷ്യർ ബഹിരാകാശത്തേക്കു വിക്ഷേപിക്കുന്ന റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും വലിയൊരു ഭാഗവും ഉപയോഗ കാലാവധിക്കു ശേഷം ബഹിരാകാശത്തുതന്നെ പറന്നു നടക്കുന്നത് പതിവാണ്. ഇവയിൽ പലതും തമ്മിൽ കൂട്ടിയിടികൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. പ്രവർത്തനക്ഷമമായ സാറ്റലൈറ്റ്, ബഹിരാകാശ നിലയം എന്നിവയിലേക്കു ബഹിരാകാശ മാലിന്യം വന്നിടിച്ചു കേടുപാടുകൾ ഉണ്ടാകുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബഹിരാകാശത്തു വലിയ ഭീഷണിയാണ് ഈ മാലിന്യങ്ങൾ ഉയർത്തുന്നത്. പലതും ഭൂമിയിലേക്കു പതിക്കാറുണ്ടെങ്കിലും അന്തരീക്ഷത്തിൽ ഇവ കത്തിത്തീരുകയാണു ചെയ്യുക. ഭൗമോപരിതലത്തിലേക്ക് ഇവ പതിക്കുന്ന സംഭവങ്ങൾ വളരെക്കുറച്ചു മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഭൂമിക്കു പുറത്ത് മറ്റൊരു ബഹിരാകാശ വസ്തുവിലേക്ക് ഈ മാലിന്യങ്ങൾ പതിക്കുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണ്. അത്തരമൊരു സംഭവം നടക്കാനിരിക്കുന്നതിനെ ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് ശാസ്ത്രലോകം.
നാസയുടെ കണക്കുകൾ പ്രകാരം 20,000ലധികം ബഹിരാകാശ അവശിഷ്ടങ്ങളാണു ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷകർ അടുത്തിടെ നടത്താനിരുന്ന ബഹിരാകാശ നടത്തം ഉപേക്ഷിച്ചതിന്റെ കാരണവും ഇതു തന്നെയായിരുന്നു; ബഹിരാകാശ അവശിഷ്ടങ്ങൾ വന്നിടിച്ചു ഗവേഷകർക്കു ജീവഹാനി സംഭവിക്കാൻ ഇടയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു അത്. കാലാവധി കഴിഞ്ഞ സാറ്റലൈറ്റിനെ തകർക്കാൻ റഷ്യ മിസൈൽ ഉപയോഗിച്ചു ബഹിരാകാശത്തു സ്ഫോടനം നടത്തിയത് 1500ലധികം അവശിഷ്ടങ്ങളെയാണു സൃഷ്ടിച്ചത്. ഇതു കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
ബഹിരാകാശ മാലിന്യങ്ങൾ കൂടുമ്പോഴും ചെറു ഉപഗ്രഹങ്ങളുടെ എണ്ണം കാര്യമായി വർധിക്കുന്നത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു പല പഠനങ്ങളും ഗവേഷകരും ഉറപ്പിച്ചു പറയുന്നത്. എന്നാൽ ഇതിനിടയിലാണു സ്പേസ് എക്സിന്റെ തന്നെ സ്റ്റാർ ലിങ്ക് എന്ന ഉപഗ്രഹാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണു വിക്ഷേപിക്കുന്നത്. ആയിരത്തിലധികം ഉപഗ്രഹങ്ങൾ ഇതിനകം വിക്ഷേപിച്ചു കഴിഞ്ഞു. എയർടെലിനു പങ്കാളിത്തമുള്ള വൺവെബും സമാന പദ്ധതിക്കായി ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയാണ്. ഉവയുടെയെല്ലാം ഉപയോഗ കാലയളവ് കഴിയുമ്പോൾ ബഹിരാകാശ മാലിന്യമായി മാറുന്നതോടെ എന്താകും സ്ഥിതിയെന്ന ആശങ്ക പല ഗവേഷകരും ഇതിനകം പങ്കുവച്ചു കഴിഞ്ഞു.