മഴയ്ക്ക് ശമനമില്ല; വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി, നഗരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്
കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമില്ലാതായതോടെ കൊച്ചി നഗരം വെള്ളത്തിനടിയിലായി. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.
എംജി റോഡ് അടക്കമുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളക്കെട്ടില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ജില്ലയില്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.