KeralaNews

‘ആര്‍എസ്എസിന്റെ തിട്ടൂരം വേണ്ട’; കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം ചെറുക്കുമെന്ന് റിയാസ്

തിരുവനന്തപുരം: കേരള ജനതയെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ യു പിയും ബിഹാറും രാജസ്ഥാനും പോലെയാക്കി തീര്‍ത്ത് ആളുകളെ തമ്മിലടിപ്പിടിച്ച് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനും ആര് ശ്രമിച്ചാലും ജീവന്‍ പോകുന്നതുവരെ പോരാടും.

അതിന് ഈ സര്‍ക്കാര്‍ തയാറാണെന്ന് റിയാസ് പറഞ്ഞു. സിലബസുകളില്‍ വര്‍ഗീയ വിഷം കുത്തിക്കയറ്റാനും സര്‍വകലാശാലകളില്‍ അനര്‍ഹരെ തിരുകിക്കയറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍മാര്‍ക്ക് സ്വന്തമായി ചെയ്യാന്‍ ഒന്നുമില്ല. എന്നാല്‍ അവര്‍ക്ക് ചില കടമകള്‍ ഉണ്ടെന്ന് ഭരണഘടനാ നിര്‍മാണ സഭയില്‍ അംബേദ്കര്‍ കൃത്യമായി പറയുന്നുണ്ട്.

ആ കടമയാണോ ചില ഗവര്‍ണര്‍മാര്‍ നടത്തുന്നതെന്ന് പരിശോധിക്കണം എന്നും റിയാസ് പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത വ്യക്തിയാവണം ഗവര്‍ണര്‍ എന്നാണ് സര്‍ക്കറിയ കമീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ഗവര്‍ണറുടെ ചരിത്രവും രാഷ്ട്രീയ പശ്ചാത്തലവും വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

നിരവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് ഏത് പാര്‍ട്ടിയിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചതെന്ന സംശയം പൊതുവില്‍ ഉണ്ടാകാം എന്നും അത് ഓരോരുത്തരും സ്വയം മനസിലാക്കി മുന്നോട്ടുപോവുന്നതാണ് നല്ലത് എന്നും അദ്ദേഹം പരിഹസിച്ചു. ആര്‍ എസ്‌സിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ പോകുന്നത് എങ്ങനെയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി ആകുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

മതരാഷ്ട്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ആര്‍ എസ് എസ് തലവന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് മാധ്യമങ്ങളിലൂടെ കണ്ടതാണ് എന്നും ആര്‍ എസ് എസിന്റെ തിട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്തരം പദവികള്‍ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത് എന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. അത്തരം പ്രവണതയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല.

മറ്റ് ചില സാസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതിനെ ഭരണഘടനാപരമായി ചെറുക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button