അൻസിബയ്ക്ക് ഋഷിയുടെ അപ്രതീക്ഷിത സമ്മാനം!നടിയുടെ പിറന്നാൾ കളറാക്കി മുടിയൻ,ചിത്രങ്ങൾ വൈറൽ
കൊച്ചി:ഒരു പക്ഷെ ഇത്രയധികം കോമ്പോ പിടിച്ച് മത്സരാർത്ഥികൾ ഗെയിം കളിച്ചൊരു സീസൺ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലുണ്ടാകില്ല. ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ. ഗബ്രി-ജാസ്മിൻ കോമ്പോയ്ക്ക് വലിയ വിമർശനമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്.
ശ്രീതു-അർജുൻ കോമ്പോയാകട്ടെ പ്രണയം എന്ന രീതിയിലായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. ജിന്റോയും ജാൻമണിയും സുഹൃത്തുക്കൾ എന്ന നിലയ്ക്കും. സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു ഋഷി-അൻസിബ ഗെയിം. ബിഗ് ബോസ് വീട്ടിൽ ഏറ്റവും ആത്മബന്ധം സൂക്ഷിച്ച രണ്ടുപേർ കൂടിയായിരുന്നു ഇരുവരും.
തനിക്ക് സഹോദര തുല്യനാണ് ഋഷി എന്നായിരുന്നു തുടക്കം മുതൽ അൻസിബ പറഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞനുജനോട് തോന്നുന്ന വാത്സ്യത്തോടെയാണ് താൻ ഋഷിയെ കണ്ടിരുന്നതെന്നായിരുന്നു അൻസിബയുടെ വാക്കുകൾ. ഇരുവരും ഹൗസിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരുമിച്ച് നിന്നായിരുന്നു ഗെയിം കളിച്ചത്. ഋഷിയെ വലിയ രീതിയിൽ സ്വാധീനിക്കാനും അൻസിബയ്ക്കു സാധിച്ചിരുന്നു.
പുറത്തിറങ്ങുമ്പോൾ തങ്ങൾ ഈ കൂട്ടുകെട്ട് തുടരും എന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ച് കൊണ്ട് ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ അൻസിബയെ കാണാൻ ഓടിയെത്തിയിരിക്കുകയാണ് ഋഷി. അൻസിബയുടെ പിറന്നാൾ ദിനത്തിലാണ് ഈ കൂടിക്കാഴ്ച എന്നതാണ് മറ്റൊരു പ്രത്യേകത. പിറന്നാൾ മധുരം പങ്കുവെക്കുന്ന ചിത്രങ്ങൾ അൻസിബ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.
അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ ഒരു ഗിഫ്റ്റും കൈയ്യിൽ കരുതിയിരുന്നു. എന്താണെന്നല്ലേ? ഒരു സാരി. നല്ല കുങ്കുമ നിറത്തിലുളളതാണ് സാരി.. അൻസിബയ്ക്ക് സാരി നന്നായി ചേരും അതുകൊണ്ടാണ് അത് വാങ്ങിയതെന്ന് വീഡിയോയിൽ ഋഷി പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നിറമാണെന്നും അടിപൊളിയാണെന്നുമായിരുന്നു ഗിഫ്റ്റ് തുറന്ന ശേഷമുള്ള അൻസിബയുടെ മറുപടി.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ അൻസിബയ്ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടേയും കോമ്പോയെ കുറിച്ചുള്ള കമന്റുകളും ഉണ്ട്. ഇതാണ് കളങ്കമില്ലാത്ത സ്നേഹമെന്നും ഈ ബന്ധം ജീവിതാവസാനം വരെ കാത്ത് സൂക്ഷിക്കാൻ ഇരുവർക്കും സാധിക്കട്ടെയെന്നും ആരാധകർ കമന്റിൽ പറയുന്നു.
അതേസമയം അൻസിബയും ഋഷിയും എന്തുകൊണ്ടാണ് അപ്സരയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ആരാധകരുടെ സംശയം. ഹൗസിൽ വെച്ച് അപ്സരയുമായി ഋഷിയും അൻസിബയും അത്ര അടുപ്പത്തിലായിരുന്നില്ല. അപ്സരയുമായി സൗഹൃദത്തിന് ഇല്ലെന്ന് ഇരുവരും പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
അതേസമയം അപസരയുടെ പിറന്നാൾ ആഘോഷം ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് പൊടിപൊടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ജാസ്മിൻ, ഗബ്രി, റെസ്മിൻ, ജാൻമണി അടക്കമുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ പരിപാടിക്ക് എത്തിയിരുന്നു. ആടിയും പാടിയും ഭക്ഷണം കഴിച്ചുമെല്ലാം ബിഗ് ബോസ് താരങ്ങൾ പരിപാടി ആഘോഷമാക്കിയിരുന്നു.