CricketNewsSports

പന്തിന് ബാറ്റിംഗും അറിയില്ല, കീപ്പിംഗും! സഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ; മുറവിളിയുമായി ആരാധകര്‍

ദുബായ്: ഏഷ്യാ കപ്പില്‍ രണ്ടാമത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കലിപ്പില്‍. വിക്കറ്റിന് മുന്നിലും പിന്നിലും കാലിടറുന്ന റിഷഭ് പന്തിന് പകരം സ‍ഞ്ജു സാംസണെ ടീമിലെടുക്കണം എന്നാണ് ആരാധകരുടെ ഒരു ആവശ്യം. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരേക്കാള്‍ മികച്ച താരമാണ് സ‍ഞ്ജു എന്ന് ആരാധകര്‍ വാദിക്കുന്നു. ശ്രീലങ്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ സ‍ഞ്ജു സാംസണ്‍ ഹാഷ്‌ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. 

ശ്രീലങ്കയ്‌ക്കെതിരെ 13 പന്തില്‍ 17 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സ‍ഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നതായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. രാഹുല്‍, ഹൂഡ എന്നിവരേക്കാള്‍ മികച്ചവന്‍ സ‍ഞ്ജുവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉറപ്പായും ഉള്‍പ്പെടുത്തണം. സഞ്ജുവിനോട് കാട്ടുന്നത് അനീതിയാണ്, 2022ല്‍ ടി20 പ്രകടനത്തില്‍ സഞ്ജു ഏറെ മുന്നിലാണ് എന്നിങ്ങനെ നീളുന്നു ആരാധകരുടെ വാദങ്ങള്‍. സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചു എന്ന് പറയുന്ന ആരാധകരുമുണ്ട്. റിഷഭ് പന്ത് റണ്ണൗട്ട് പാഴാക്കിയതും ആരാധകര്‍ വിമര്‍ശിക്കുന്നു.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെ ലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തത് ഇന്ത്യക്ക് പ്രഹരമായെങ്കിലും പിന്നാലെ നിസങ്ക(52), ചരിത് അസലങ്ക(0), കുശാല്‍ മെന്‍ഡിസ്(57) എന്നിവരെ മടക്കി യുസ്‌വേന്ദ്ര ചാഹലും ധനുഷ്‌ക ഗുണതിലകയെ(1) പുറത്താക്കി ആര്‍ അശ്വിനും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഭാനുക രജപക്സെയും(17 പന്തില്‍ 25*), ദാസുന്‍ ഷനകയും(18 പന്തില്‍ 33*) ലങ്കയെ ജയിപ്പിച്ചു. 

നേരത്തെ 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിയത്. 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് രണ്ടാമത്തെ ടോപ്പര്‍. അതേസമയം കെ എല്‍ രാഹുൽ ആറും വിരാട് കോലി പൂജ്യത്തിനും ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും 17 റൺസ് വീതവുമെടുത്തും പുറത്തായത് തിരിച്ചടിയായി. വാലറ്റത്ത് ഏഴ് പന്തില്‍ 15 റണ്‍സ് ആര്‍ അശ്വിന്‍ നേടിയതും കൂടി ഇല്ലായിരുന്നേല്‍ കാര്യങ്ങള്‍ അതിദയനീയമായേനേ. ലങ്കയ്ക്കായി ദില്‍ഷന്‍ മദുഷനക മൂന്നും കരുണരത്‌നെ, ശനക എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker