അമേരിക്കയില്‍ കലാപം രൂക്ഷമാകുന്നു; 25 നഗരങ്ങളില്‍ കര്‍ഫ്യൂ, പ്രക്ഷോഭക്കാര്‍ പോലീസ് ജീപ്പ് കത്തിച്ചു
വാഷിംഗ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസുകാരന്‍ കഴുത്തു ഞെരിച്ചു കൊന്നതിനെത്തുടര്‍ന്നുണ്ടായ കലാപം അമേരിക്കയില്‍ കത്തിപ്പടരുന്നു. ആറു സംസ്ഥാനങ്ങളിലെ ഇരുപത്തിയഞ്ച് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭക്കാര്‍ പോലീസ് ജീപ്പ് കത്തിച്ചു. അനവധി പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ പൊലീസ് തെരുവ് നായാട്ടം നടത്തുമ്‌ബോള്‍ പൊലീസിനെതിരെ പലയിടത്തും കടുത്ത ആക്രമണം തുടരുകയാണ്. ലാത്തിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന വീറോടെയാണ് പ്രതിഷേധക്കാര്‍ മുന്നേറുന്നത്.
പല സംസ്ഥാനങ്ങളിലും നാഷണല്‍ ഗാര്‍ഡ് എന്ന സൈനിക വിഭാഗത്തെ ഗവര്‍ണര്‍മാര്‍ വിളിച്ചു വരുത്തി. പലയിടത്തും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ വെളുത്ത വര്‍ഗക്കാരുണ്ടെങ്കിലും പ്രതിഷേധം വംശീയ കലാപമായി മാറുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ജോര്‍ജ്ഫ്ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന മിനിസോട്ടയില്‍ ക്രമസമാധാന ചുമതല നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തു.
അറ്റ്‌ലാന്റ, ലോസ് ഏയ്ഞ്ചലസ്, ലൂയിസ്വില്ലെ, കൊളംമ്ബിയ, ഡെന്‍വര്‍, പോര്‍ട്ട്‌ലാന്‍ഡ്, മില്‍വൗക്കീ, കൊളംമ്ബസ്, മിന്നെപോളിസ്, സാന്‍ഡിയാഗോ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം അതീവരൂക്ഷമാണ്.. ഈ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്, ന്യൂ കരോലിന, ഒക്ലഹോമ തുടങ്ങിയ നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും നിരവധി തവണ ഏറ്റുമുട്ടി.