Entertainment

RIFFK 2022 :ആര്‍ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്‍ത് മോഹന്‍ലാല്‍

കൊച്ചി:കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തുടര്‍ച്ചയെന്നോണം ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം മേളയില്‍ പങ്കെടുക്കാനാവാതിരുന്ന മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസം​ഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. എറണാകുളം സരിത തിയറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആയിരുന്നു അധ്യക്ഷന്‍. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ​ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്‍റെ കരട് തയ്യാറായതായും മന്ത്രി പറഞ്ഞു.

എറണാകുളം സരിത തിയറ്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരന്‍ എന്‍ എസ് മാധവനായിരുന്നു മുഖ്യാതിഥി. 173 ചിത്രങ്ങളായിരുന്നു തിരുവനന്തപുരം മേളയില്‍ ഉണ്ടായിരുന്നതെങ്കില്‍ അവയില്‍ നിന്നു തെരഞ്ഞെടുത്ത ഏറ്റവും മികച്ച 73 ചിത്രങ്ങളാണ് കൊച്ചി മേളയില്‍ പ്രദര്‍ശിപ്പിക്കുക. സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്കി, നെറ്റ്പാക് പുരസ്കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ജി അരവിന്ദന്റെ ക്ലാസിക് ചിത്രം ‘കുമ്മാട്ടി’യുടെ റെസ്റ്റൊറേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും ‘ചെമ്മീനി’ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്സിബിഷനുകളും ഒരുക്കിയിട്ടുണ്ട്. അഞ്ച് തിയറ്ററുകളിലായാണ് പ്രദര്‍ശനം.

ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ സംവിധായകന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ബംഗ്ലദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’യാണ് കൊച്ചി മേളയിലെ ഉദ്ഘാടന ചിത്രം. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്‍റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker