NationalNews

വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു. കഴിഞ്ഞ പത്തു ദിവസമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ വിപ്ലവ ഗായകന്‍, കവി എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു.

ഹൈദരാബാദിനടുത്ത തൂപ്രാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ഗദ്ദര്‍ ഏറെനാള്‍ ബാങ്കില്‍ ജോലി ചെയ്തു. സജീവ നക്‌സലൈറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1980-കളില്‍ ഒളിവുജീവിതം നയിച്ചിട്ടുണ്ട്.

സി.പി.എം. (മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ്) അംഗമായിരുന്നു ഗദ്ദാര്‍. ഇദ്ദേഹമാണ് സി.പി.എ(എം.എല്‍)മ്മിന്റെ സാംസ്‌കാരിക വിഭാഗമായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകന്‍. ചില സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

വിമലയാണ് ഭാര്യ. മക്കള്‍: സൂര്യ, വെണ്ണില. ഗദ്ദറിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഭൂദേവി നഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്.

2022-ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.

1997-ലുണ്ടായ വധശ്രമത്തെ അദ്ദേഹം അത്ഭുതകരമായി ജീവിച്ചിരുന്നു.അന്ന് ഗദ്ദറിന്റെ ദേഹത്ത് ആറ് വെടിയുണ്ടകളാണ് തുളച്ചു കയറിയിരുന്നത്. അതില്‍ അഞ്ചെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നട്ടെല്ലില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുമായാണ് പിന്നീട് അദ്ദേഹം ജീവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button