പ്രണയബന്ധം അവസാനിപ്പിച്ചതില്‍ പക; കാമുകന്റെ 23 ലക്ഷം രൂപയുടെ ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ച് യുവതി
പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക വീട്ടാനാന്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം രൂപയുടെ ബൈക്ക് ചുട്ടെരിച്ച് യുവതി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാന്‍ എന്ന യുവതിയാണ് മുന്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം വിലയുള്ള ബൈക്ക് കത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
പാര്‍ക്കിങ്ങ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അവിടെ എത്തിയ യുവതി പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും വീണ്ടും ഒന്നിക്കണം എന്ന യുവതി യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം മുന്‍ കാമുകന്‍ തള്ളുകയായിരുന്നു. ഇതോടെയാണ് പക വീട്ടാന്‍ യുവതി തീരുമാനിച്ചത്.
ശ്രീനാഖരിന്‍ വിരോട്ട് യൂണിവേഴ്സിറ്റി പ്രസര്‍മിറ്റ് ഡെമോണ്‍സ്ട്രേഷന്‍ സ്‌കൂളിനുള്ളിലെ പാര്‍ക്കിങ്ങ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീ പിടിച്ചെന്നായിരുന്നു ആദ്യം വിവരം ലഭിച്ചത്. തീ ആളിപ്പടര്‍ന്നെങ്കിലും ആര്‍ക്കും പൊള്ളലേറ്റിട്ടില്ല.
അതേസമയം സമീപത്തുണ്ടായിരുന്ന ആറോളം ബൈക്കുകള്‍ക്കും തീ പിടിച്ചു. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ കുട്ടികള്‍ ഇല്ലാത്തത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. സ്‌കൂള്‍ ജീവനക്കാരനായ ഒരാളുടെ മുന്‍ കാമുകിയാണ് കാനോക്ക് എന്നാണ് റിപ്പോര്‍ട്ട്. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.