Entertainment

ചുമ്മാ മൂളിയാല്‍ പോലും യേശുദാസോ, ജയചന്ദ്രനോ, ജാനകിയോ ആയിരിക്കണം അല്ലെങ്കില്‍ പാടാന്‍ പാടില്ല എന്നാണ് വെപ്പ്; നടി രേവതി സമ്പത്ത്

യുവ ഗായിക ആര്യ ദയാലിനും കവര്‍ സോംഗ് ഒരുക്കുന്ന മറ്റ് ഗായകര്‍ക്കും എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നേരെ നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ ആര്യ ദയാല്‍ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ സംഗീതം എന്നു പറയുന്നത്, അല്ലെങ്കില്‍ ഒരാള്‍ പാടുന്നു എന്ന് പറയുന്നതില്‍ എന്തിനാണ് ഈ കൂട്ടര്‍ അര്‍ത്ഥശൂന്യമായ വേലിക്കെട്ടുകള്‍ തീര്‍ത്തുവെയ്ക്കുന്നത്. അന്തമില്ലാതെ ഒഴുകി കിടക്കുന്ന ഒന്നാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയല്ല ഉള്ളത്. പലതരം ഭാഷകള്‍ ഉണ്ട്, പലതരം ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരുടെ സംഗീതവും വൈവിദ്ധ്യങ്ങളാണ് രേവതി കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആര്യ ദയാല്‍ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ സംഗീതം എന്നു പറയുന്നത്, അല്ലെങ്കില്‍ ഒരാള്‍ പാടുന്നു എന്ന് പറയുന്നതില്‍ എന്തിനാണ് ഈ കൂട്ടര്‍ അര്‍ത്ഥശൂന്യമായ വേലിക്കെട്ടുകള്‍ തീര്‍ത്തുവെയ്ക്കുന്നത്. അന്തമില്ലാതെ ഒഴുകി കിടക്കുന്ന ഒന്നാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയല്ല ഉള്ളത്. പലതരം ഭാഷകള്‍ ഉണ്ട്, പലതരം ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരുടെ സംഗീതവും വൈവിദ്ധ്യങ്ങളാണ്.

എന്നാല്‍ എക്കാലവും ആരൊന്ന് ചുമ്മാ മൂളിയാല്‍ പോലും യേശുദാസോ, ജയചന്ദ്രനോ, ജാനകിയോ ആയിരിക്കണം അല്ലെങ്കില്‍ പാടാന്‍ പാടില്ല എന്നാണ് വെപ്പ്. ഇതൊരുമാതിരി സിനിമയില്‍ മമ്മൂട്ടി ആണോ മോഹന്‍ലാല്‍ ആണോ എന്ന ക്ലീഷേ ചോദ്യത്തിന് ഒപ്പം നില്‍ക്കുന്നതാണ്. കാലം ഒത്തിരി മുന്നോട്ടാണ്. എത്ര പുതിയ ഗായകരാണ് സോഷ്യല്‍ മീഡിയ വഴിയും അല്ലാത്ത മീഡിയം വഴിയുമൊക്കെ പാട്ടിന്റെ പലതരം മുഖങ്ങള്‍ തുറന്ന് തന്നത്. എത്രമാത്രം ആള്‍ക്കാരെയാണ് അത് സ്വാധീനിക്കുന്നത്.

അദൃശ്യമായി ഇരിക്കുന്ന ആളുകള്‍ക്കു പോലും ഇവരുടെ സൃഷ്ടികള്‍ കേള്‍ക്കുമ്പോള്‍ ആശ്വാസവും ശക്തിയും മുന്നോട്ട് ഒരു പടിയെടുത്ത് വെയ്ക്കാനുള്ള ഉത്തേജനവും അങ്ങനെ പല കാര്യങ്ങളും ചിന്തയ്ക്ക് അതീതമായി നടക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ ഒരാളുടെ കഴിവിനെ കീറിമുറിക്കുന്നത് അങ്ങേയറ്റം അവഹേളനമാണ്. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആരോഗ്യപരമായി ആയിരിക്കണം അല്ലാതെ താരതമ്യപ്പെടുത്തല്‍ അയി മാറുന്നത് വളരെ മോശപ്പെട്ടൊന്നാണ്.

പിന്നെ കുറെ ശുദ്ധസംഗീതം ടീംസ് ഇറങ്ങിയിട്ടുണ്ട്, അങ്ങനെ ഒരു സംഗീതം ഇവിടില്ല. ബ്രാഹ്മണിക്കല്‍ ചിന്ത മാത്രമാണത്. സംഗീതം ഈ ഭൂമി മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ശുദ്ധവും അശുദ്ധം എന്ന വേര്‍തിരിവ് സംഗീതത്തിനില്ല. ഇല്ലാത്തതില്‍ വിഭജനം കൊണ്ടു വരുന്നതിലാണല്ലോ എക്കാലവും ഇവറ്റകള്‍ക്ക് താത്പര്യം. മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഉരസിയാല്‍ അതില്‍ പോലും സംഗീതം ഉണ്ട്, ഇങ്ങനത്തെ ഹീനവിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ തലയില്‍ ഒരു കൊട്ടുവെച്ച് തന്നാല്‍ അതിലും സംഗീതം ഉണ്ട്.

ഭൂമി മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ എന്തിനാണ് മനുഷ്യന്മാരെ ഇങ്ങനെ ചുരുക്കാന്‍ നോക്കുന്നത്. എല്ലാതരം പാട്ടുകളും, ഗായകര്‍ക്കുമുള്ള ഇടം തന്നെയാണ് ഇവിടം. ആര്യ ദയാലിനും, അതുപോലെ ആര്യക്കെതിരെ ഇതൊക്കെ എഴുന്നള്ളിക്കുന്നവര്‍ക്കും പാടാനുള്ളൊരിടം തന്നെയാണിത്. ആര്യ ദയാലുമാര്‍ മുന്നോട്ട് ഒത്തിരി വരട്ടെ. വൈവിദ്ധ്യങ്ങള്‍ പൂവണിയട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker