കോഴിക്കോട്: തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം പകര്‍ന്നത് മരണവീടുകളില്‍ നിന്നാണ്. കണ്ണൂരിലേയും കോഴിക്കോടേയും മരണവീടുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും കളക്ടര്‍ അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ ജില്ലയിലെ കൂടിച്ചേരലുകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളിലും പരിപാടികളിലും പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്നത് ഉറപ്പ് വരുത്തും. ഇതിന് പുറമെ ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണമെന്നും, ഗ്രാമപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ സംഘിച്ച് എത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തൂണേരിയില്‍ 67-കാരിക്കും 27-കാരനും നാദാപുരത്ത് 34-കാരിക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് കൂടുതല്‍ പേര്‍ മരണവീട്ടിലേക്ക് പോയത് വിനയായിട്ടുണ്ട്. തൂണേരിയില്‍ ജനപ്രതിനിധി അടക്കമുള്ളവരുടെ ആന്റിജന്‍ പരിശോധനാ ഫലം പോസിറ്റീവായത് ആരോഗ്യ പ്രവര്‍ത്തകരില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.
കൂടതല്‍ രോഗികള്‍ ഉണ്ടാവാനുള്ള സാധ്യതയാണുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നിലവില്‍ നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്.