വാഗമണ്‍: പിറന്നാളാഘോഷത്തിന് എന്ന് പറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. മൂന്ന് മുറികളാണ് ബുക്ക് ചെയ്തത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എട്ടുമണിക്കു മുമ്പ് തിരികെ പോകുമെന്ന് ഉറപ്പു ലഭിച്ചെന്നും സി.പി.ഐ നേതാവും ഏലപ്പറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എല്‍.എസ്.ഡിയും ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെ വന്‍ മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തിട്ടുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് സംഘത്തെ പോലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കസ്റ്റഡിയിലുള്ളവരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം.