പ്രായപൂര്‍ത്തിയാകാത്ത മകളെ അമേരിക്കയില്‍ അയച്ച് വാക്‌സിനെടുപ്പിക്കാന്‍ അനുവദിക്കണം; മാതാപിതാക്കള്‍ കോടതിയില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ അമേരിക്കയില്‍ അയച്ച് വാക്‌സിനെടുപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ കോടതിയില്‍. ബോംബെ ഹൈക്കോടതിയിലാണ് ഈ ആവശ്യവുമായി ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ജന്മം കൊണ്ട് അമേരിക്കന്‍ പൗരത്വമുള്ള സൗമ്യ താക്കറെയെന്ന പെണ്‍കുട്ടിയുടെ പഠനവും അവിടെയാണ്.
ജൂലായ് ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നിരിക്കെ രണ്ട് ഡോസ് വാക്‌സിന്‍ കുട്ടിയ്ക്ക് എടുക്കേണ്ടതുണ്ടെന്നും മാതാപിതാക്കള്‍ ബോധിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്കൊപ്പം ഒരു ബന്ധുവിനെ യാത്രയില്‍ അനുഗമിക്കാനും അനുവദിക്കണമെന്ന് ഹര്‍ജിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
കേസില്‍ കഴിഞ്ഞ ദിവസം പ്രാരംഭ വാദം കേട്ട കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. സൗമ്യയ്ക്ക് വേണ്ടി കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ മിലിന്ദ് സതെയാണ് ഹാജരായത്. ഇന്ത്യയില്‍ ഇപ്പോഴും 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ എടുക്കാന്‍ അനുവാദമുള്ളു. അതേസമയം 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ യുഎസ് ഭരണകൂടം അനുവദിച്ചിരുന്നു.
സൗമ്യയുടെ മാതാപിതാക്കള്‍ക്ക് മകള്‍ക്കൊപ്പം അമേരിക്കയിലേക്ക് ഇപ്പോള്‍ പോകുന്നതിന് തടസങ്ങളേറെയുണ്ട്. സൗമ്യയുടെ മുത്തശി കൊവിഡ് മുക്തയായത് അടുത്തിടെയാണെന്നും അവരെ പരിചരിക്കേണ്ട ആവശ്യമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. അവരെ കൂടെ അമേരിക്കയില്‍ കൊണ്ടു പോകുന്നതിനും ഇപ്പോള്‍ തടസങ്ങളേറെയുണ്ട്.
യു എസ് പൗരന്മാരൊഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നും പ്രവേശനം അമേരിക്ക തടഞ്ഞിരിക്കുകയാണിപ്പോള്‍. അതേസമയം പ്രായപൂര്‍ത്തിയാകാത്ത യുഎസ് പൗരനോടൊപ്പം പൗരനല്ലാത്ത ഒരാള്‍ക്കും പോകാനാവും. സര്‍ക്കാരിന്റെ അഭിപ്രായം ലഭിച്ചതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.