വട്ടവട: റീ പോസ്റ്റ്മോർട്ടത്തിനായി കുഴിയിൽനിന്നും പുറത്തെടുത്ത നവജാത ശിശുവിന്റെ മൃതദേഹം വീണ്ടും സംസ്കരിക്കുന്നതിനെതിരെ നാട്ടുകാർ. മൃതദേഹം ഗ്രാമത്തിൽ മറവ് ചെയ്യരുതെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്തെത്തിയത്. വട്ടവടയിൽ മരണപ്പെട്ട 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ആദിവാസി മന്നാടിയാർ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് മരണപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. മന്നാടിയാർ വിഭാഗത്തിന്റെ വിശ്വാസം അനുസരിച്ച് ഒരിക്കൽ ആചാരപ്രകാരം മറവ് ചെയ്ത മൃതദേഹം പുറത്തെടുക്കുന്നത് അനുവദനീയം അല്ലെന്നാണ് ഗോത്ര തലവൻമാർ പറയുന്നത്.മൃതദേഹം വീണ്ടും ഗ്രാമത്തിലെത്തിച്ച് അടക്കം ചെയ്യാൻ നാട്ടുകാർ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് പറഞ്ഞു. മൃതദേഹം ഗ്രമത്തിനു പുറത്ത് മറവ് ചെയ്യുന്നതിൽ എതിർപ്പില്ലെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.