CrimeKeralaNews

‘വായ്ക്കരി ഇടാന്‍ പോലും പറ്റിയില്ല’വിധിയില്‍ സന്തോഷം’; രണ്‍ജിത്തിന്റെ ഭാര്യ അഡ്വ.ലിഷ

ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ പറഞ്ഞു.

കൊലപാതക ശേഷം വായ്ക്കരി ഇടാന്‍ പോലും കഴിയാത്ത തരത്തിലായിരുന്നു മൃതദേഹം. അതിനാല്‍ സാധാരണ കൊലപാതകം എന്ന പേരില്‍ എഴുതി തള്ളാനാവില്ല. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമും നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു.

വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള്‍ നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button