കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി പോലീസ് സ്റ്റേഷനിലെ എട്ട് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. തുറവൂരിലെ മോഷണക്കേസില്‍ കസ്റ്റഡിയില്‍ ഇരുന്ന പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി പലപ്പോഴായി സമ്പര്‍ക്കത്തില്‍ വന്ന പോലീസുകാരെയാണ് നിരീക്ഷണത്തില്‍ അയച്ചത്.
അങ്കമാലി തുറവൂരില്‍ നടന്ന സ്വര്‍ണ മോഷണ കേസില്‍ പിടിയിലായ മൂന്ന് പ്രതികളില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്റ്റേഷനും പരിസരങ്ങളും അണുവിമുക്തമാക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
അതേസമയം, എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. എറണാകുളത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.
ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് മാത്രം സമ്പര്‍ക്കത്തിലൂടെ 170 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ചെറിയ വീഴ്ച പോലും ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.