കൊച്ചി:കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇലക്‌ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ എന്നിവ സംയോജിപ്പിച്ച് സംസ്ഥാനത്ത് മുപ്പതോളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ ഏറ്റെടുക്കാനുള്ള നടപടിക്കായി റിലയൻസ് സമീപിച്ചതായാണ് റിപ്പോർട്ട്.
ഫെസ്റ്റിവൽ സീസൺ മുന്നിൽ കണ്ടുകൊണ്ട് ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കൽ കരാർ പൂർത്തിയാക്കാനാണ് റിലയൻസ് ശ്രമിക്കുന്നത് എന്ന് ചർച്ചകളുടെ ഭാഗമായ രണ്ട് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി. എന്നാൽ ഇതുവരെ ബിസ്മിയുടെ ഭാഗത്ത് നിന്നും പരാതികരങ്ങൾ ഉണ്ടായിട്ടില്ല.
വ്യവസായ പ്രമുഖനായ വി എ അജ്മലിന്റെ ഉടമസ്ഥതയിലുള്ള ഒരു കുടുംബ സംരംഭമാണ് ബിസ്മി. ഏകദേശം 800 കോടി രൂപയാണ് ബിസ്മിയുടെ ബിസ്മിയുടെ വരുമാനം. അതേസമയം, ഊഹാപോഹങ്ങളെയും കിംവദന്തികളെയും കുറിച്ച് കമ്പനി പ്രതികരിക്കില്ലെന്നും അജ്മൽ വ്യക്തമാക്കിയിട്ടുണ്ട്. .
ബിസ്മിയുടെ സ്റ്റോറുകളിൽ മിക്കവയും 30,000 ചതുരശ്ര അടി മുതൽ 40,000 ചതുരശ്ര അടി വരെ വരുന്നവയാണ്. ഇലക്ട്രോണിക് വ്യാപാരത്തിനൊപ്പം തന്നെ ഹൈപ്പർമാർക്കറ്റുകളും ഒരുക്കുന്നതാണ് ബിസ്മിയുടെ പ്രത്യേകത. ചില ഷോറൂമുകൾ 10,000 ചതുരശ്ര അടി വിസ്തീർണമുള്ളവയുണ്ട്.
റീടൈൽ വില്പനയിലുള്ള കുതിച്ചു കയറ്റമാണ് റിലയൻസിനെ ബിസ്മിയിലേക്ക് ആകർഷിക്കുന്നത്. ഈ കരാർ യാഥാർഥ്യമായാൽ റിലയൻസിന് ദക്ഷിണേന്ത്യൻ വിപണിയിൽ ഇത് വലിയ സ്വാധീനം നൽകും. റിലയൻസ് റീട്ടെയിൽ മുമ്പ് ഇത്തരത്തിലുള്ള മൂന്ന് ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ കണ്ണൻ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോർ പ്രാദേശിക പലചരക്ക് ശൃംഖലയായ ജയ്സൂര്യസ് റീട്ടെയിൽ എന്നിവ റിലയസ് ഏറ്റെടുത്തവയിൽ ഉൾപ്പെടുന്നു.
വരുമാനം, സ്റ്റോറുകളുടെ എണ്ണം, ലാഭം എന്നിവ മാനദണ്ഡമാക്കി വിലയിരുത്തുമ്പോൾ റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ ആണ്. ലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷൻ തുടങ്ങിയവയുടെ വില്പനയിൽ റിലയൻസ് മുന്നിട്ട് നിൽക്കുന്നു.