മുംബൈ:സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. റെഡ്മി നോട്ട് 12 സീരിസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. കമ്പനിയുടെ ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുൻപ് ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 12 സീരിസ് വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
അടുത്ത വർഷം പകുതിയോടെ ഫോൺ വിപണിയിലെത്തുമെന്നാണ് സൂചന. പക്ഷേ ജനുവരി ആദ്യം തന്നെ ഇന്ത്യയിൽ ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചൈനയിൽ അവതരിപ്പിച്ച ഫോണിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ഫോൺ.
റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇന്ത്യയിൽ പുറത്തിറക്കുന്ന ഫോണിന് ചൈനയിൽ അവതരിപ്പിച്ച ഫോണുമായി ചെറിയ സമാനതകളുണ്ട്.
നോട്ട് 12 5ജിയിൽ ചെെനയിലിറങ്ങിയ മോഡലിന് സമാനമായ 48 മെഗാ പിക്സൽ ക്യാമറയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്നാപ്ഡ്രാഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലെയുമായി ആണ് ഫോൺ എത്തുന്നത്. 33 W ന്റെ ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിൽ പ്രതീക്ഷിക്കാം.
5000 mAh ബാറ്ററിയാകും ഫോണിലുണ്ടാകുകയെന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ വിലയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. 15,000 രൂപ മുതലുള്ള റേഞ്ചിലാകും ഈ 5ജി സ്മാർട്ട് ഫോൺ ലഭിക്കുകയെന്നാണ് വിവരങ്ങൾ.റെഡ്മി നോട്ട് 12 ന്റെ ചെെനയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജിയുടെ വില 25,000 ത്തിനും 30,000 ഇടയിലായിരിക്കുമെന്നും പറയപ്പെടുന്നു.