അതിതീവ്ര മഴയ്ക്ക് സാധ്യത; ഏറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 88 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63 പേര്‍ ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഒരിഞ്ച് വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.