ഗുരുവായൂർ: കണ്ണന്റെ സന്നിധിയിൽ ഞായറാഴ്ച നടക്കുന്ന കല്യാണങ്ങളുടെ എണ്ണം 354 ആയി. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതിനാൽ ഇനിയും കൂടാനാണ് സാധ്യത. ഗുരുവായൂരിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കല്യാണങ്ങൾ. പുലർച്ചെ നാലുമുതൽ താലികെട്ട് ആരംഭിക്കും. നിലവിൽ രാവിലെ അഞ്ചുമുതലാണ് കല്യാണങ്ങൾ ആരംഭിക്കാറ്. ഒരേസമയം ആറു മണ്ഡപങ്ങളിലായി കല്യാണം നടക്കും.
വിവാഹകാർമികരായി അഞ്ചുപേരെ അധികമായി നിയോഗിച്ചു. മംഗളവാദ്യക്കാരായി രണ്ടു സംഘങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. വിവാഹങ്ങൾ തടസ്സങ്ങളില്ലാതെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ചെയർമാൻ വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവരും പങ്കെടുത്തു.
വിവാഹസംഘങ്ങൾ തെക്കേനടയിലെ പട്ടർകുളത്തിനടുത്തുളള താത്‌കാലിക പന്തലിലേക്കെത്തണം. വധൂവരൻമാരും ബന്ധുക്കളും ഉൾപ്പെടെ 20 പേർ. കൂടാതെ ഫോട്ടോ-വീഡിയോഗ്രാഫർമാരായി നാലുപേരും. ഇത്രയും പേരെയാണ് മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുക. ബാക്കിയുള്ള ബന്ധുക്കൾക്ക് കിഴക്കേനടയിലൂടെ മണ്ഡപങ്ങൾക്കു സമീപത്തെത്താം.
താലികെട്ട് കഴിഞ്ഞാൽ വധൂവരന്മാരെ ദീപസ്തംഭത്തിനു മുൻപിൽ ഫോട്ടോ എടുക്കാൻ അനുവദിക്കില്ല. വധൂവരന്മാരും ഒപ്പമുള്ളവരും കിഴക്കേനട വഴി മടങ്ങിപ്പോകണം. കിഴക്കേ നടപ്പന്തലിൽ കല്യാണസംഘങ്ങളെ മാത്രമേ നിൽക്കാൻ അനുവദിക്കൂ. ദീപസ്തംഭത്തിനു മുൻപിൽ തൊഴാനുള്ളവർക്ക് ക്യൂപ്പന്തലിലെ ആദ്യത്തെ വരിയിലൂടെ (കല്യാണമണ്ഡപങ്ങളുടെ തൊട്ടു വടക്ക്) വരാം.
ക്ഷേത്രത്തിൽ ദർശനത്തിനുള്ള വരി വടക്കേ നടപ്പുരയിൽനിന്നാണ്. പ്രധാന ക്യൂപ്പന്തലിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ച് കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് തുടർന്ന് ദർശനത്തിനുശേഷം പടിഞ്ഞാറേനട വഴിയോ തെക്കേ തിടപ്പള്ളി കവാടം വഴിയോ പുറത്തേക്ക് പോകാം. ഭഗവതികവാടം വഴി മടങ്ങാൻ അനുവദിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണമോ ശയനപ്രദക്ഷിണമോ അന്ന് അനുവദിക്കില്ല.
ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട്, പടിഞ്ഞാറേനടയിലെ മായാ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ നിർത്താൻ അനുവദിക്കില്ല. കൂടാതെ ദേവസ്വത്തിന്റെ ബഹുനില പാർക്കിങ് സമുച്ചയങ്ങളും നഗരസഭയുടെ കിഴക്കേനട മൈതാനവും ചെറിയ പാർക്കിങ് കേന്ദ്രങ്ങളുമുണ്ട്.