മാന്ദ്യം വരുന്നു; ടിവിയും ഫ്രിജും വാങ്ങരുത്, പണം സൂക്ഷിച്ചുവയ്ക്കൂ: ജെഫ് ബെസോസ്

ന്യൂയോർക്ക്∙ സാമ്പത്തിക മാന്ദ്യം വരുന്നതിനാൽ വലിയ തുകയുടെ വാങ്ങലുകൾ നടത്തരുതെന്ന് ശതകോടീശ്വരനായ ജെഫ് ബെസോസ്. ടിവി, ഫ്രിജ്, കാർ തുടങ്ങിയ വിലകൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്നും ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ സ്ഥാപകൻ ബെസോസ് പറഞ്ഞു.
‘‘വരുന്ന മാസങ്ങളിൽ പണം ചെലവഴിക്കുന്നത് കുറയ്ക്കുകയും പണം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. കാർ, ഫ്രിജ്, ടിവി തുടങ്ങിയവ വാങ്ങുന്നവയിൽ നിന്നും അമേരിക്കയിലെ കുടുംബങ്ങൾ വിട്ടുനിൽക്കണം. കൂടുതൽ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും. ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങൾ മന്ദഗതിയിലാണ്. പല മേഖലകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.’’– ബെസോസ് പറഞ്ഞു.
തന്റെ 124 ബില്യൻ ഡോളർ ആസ്തിയിൽ നിന്നും ഭൂരിഭാഗവും സന്നദ്ധ സേവനങ്ങൾക്കായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ അടക്കമുള്ള വൻ കമ്പനികളിൽ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് ജെഫ് ബോസോസിന്റെ പ്രസ്താവന.