
കൊച്ചി: കാക്കനാട് ടിവി സെന്ററിനുസമീപം സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്സിലെ അമ്മയുടെയും രണ്ടു മക്കളുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം ആ കുടുംബത്തെ അലട്ടിയിരുന്ന യഥാര്‍ത്ഥ പ്രശ്‌നവും പുറത്ത്. മൂവരുടെയും തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. അമ്മ ശകുന്തള അഗര്‍വാള്‍ മരിച്ച് നാലുമണിക്കൂറിനുശേഷമാണ് മക്കളായ മനീഷും ശാലിനിയും മരിച്ചത്. വ്യാഴം വൈകിട്ട് ആറിനാണ് ജിഎസ്ടി കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമീഷണറേറ്റിലെ അഡീഷണല്‍ കമീഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (51), അമ്മ ശകുന്തള അഗര്‍വാള്‍ (77) എന്നിവരുടെ മരണം പുറംലോകം അറിഞ്ഞത്. അതിനിടെ ശാലിനിയെ അലട്ടിയ കേസിലും പോലീസിന് വ്യക്തത വരികയാണ്.
മനീഷും ശാലിനിയും ഷാളുകളില്‍ തൂങ്ങിയാണ് മരിച്ചത്. ഇരുവരും തൂങ്ങിയ ഷാളുകള്‍ ഹുക്കില്‍ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്. ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ. സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേടില്‍ ശാലിനിക്കെതിരെ സിബിഐ അന്വേഷണമുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്‌കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് ശാലിനി, സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചെന്നാണ് കേസ്. ഫെബ്രുവരി 15ന് ഹാജരാകാന്‍ ഇവര്‍ക്ക് സിബിഐ നോട്ടീസ് അയച്ചിരുന്നു.
ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. നേരത്തെ ശാലിനിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസുള്ളതായും സൂചനകളും വാര്‍ത്തകളും പുറത്തു വന്നിരുന്നു. 2006ല്‍ ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലെത്തിയിരുന്നു ശാലിനി. ആ റാങ്ക് പട്ടിക സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ പട്ടിക റദ്ദാക്കുകയും ശാലിനിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആദ്യം പൊലീസ് അന്വേഷിച്ച കേസ്, പിന്നീട് 2012-ല്‍ സി.ബി.ഐ. ഏറ്റെടുത്തു. 12 വര്‍ഷത്തിനുശേഷം കഴിഞ്ഞ നവംബറില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്നതായിരുന്നു അത്. ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും കുടുംബത്തെ അലട്ടിയിരുന്നതായി വിവരമുണ്ട്. ഇതാണോ ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് പരിശോധിക്കുന്നതിനിടെയാണ് അഴിമതി കേസിന്റെ വിവരവും പുറത്തു വരുന്നത്.
ഇതു സംബന്ധിച്ചൊരു കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. ശാലിനിയായിരുന്നു ഹര്‍ജിക്കാരി. ഈ കേസ് മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി തള്ളി. ശാലിനിയില്‍ നിന്നും അഭിഭാഷകന് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന വിലയിരുത്തലുമായാണ് ആ കേസ് തീര്‍പ്പാക്കിയത്. ആ കേസ് രേഖകളില്‍ ലോകായുക്തയെ അടക്കം പരാമര്‍ശിക്കുന്നുമുണ്ട്. ഇത് സ്‌കൂള്‍ അനുവദിച്ച അഴിമതി കേസ് ആകാനാണ് സാധ്യത.
മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരുടെ മൃതദേഹം ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കാക്കനാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. മനീഷിന്റെ ഇളയസഹോദരി പ്രിയ വിജയ്യും ഭര്‍ത്താവ് നിതിന്‍ ഗാന്ധിയും കൊച്ചിയില്‍ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മൂവരുടെയും ചിതയ്ക്ക് പ്രിയ തീപകര്‍ന്നു. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള, കസ്റ്റംസ് പ്രിവന്റീവ് കമീഷണര്‍ കെ പത്മാവതി, ഓഡിറ്റ് കമീഷണര്‍ രാജീവ് കുമാര്‍ എന്നിവരും മനീഷിന്റെ മറ്റ് സഹപ്രവര്‍ത്തകരും ആദരാഞ്ജലി അര്‍പ്പിച്ചു.
തൂങ്ങിമരിച്ച അമ്മയെ മക്കള്‍ താഴെയിറക്കി കട്ടിലില്‍ കിടത്തി വെള്ളപുതപ്പിച്ച് പൂജയും കര്‍മങ്ങളും ചെയ്തശേഷം ഇരുവരും ജീവനൊടുക്കിയതാണോ, അമ്മയെ കൊലപ്പെടുത്തിയശേഷം മക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിട്ടും കേസും അതു സമ്മാനിച്ച കടുത്ത നിരാശയുമായിരിക്കാം ഇത്തരമൊരു വഴി തിരഞ്ഞെടുക്കാന്‍ മൂവരേയും പ്രേരിപ്പിച്ചതെന്നു കരുതുമ്പോഴും എന്തുകൊണ്ടാണിവര്‍ പെട്ടെന്ന് ആത്മഹത്യയിലേക്ക് തിരിഞ്ഞത് എന്നത് ദുരൂഹമായി തുടരും.
മനീഷ് താന്‍ സഹോദരിയുടെ ആവശ്യത്തിനായി നാട്ടിലേക്കു പോകുന്നു എന്നും ഒരാഴ്ച അവധിയിലായിരിക്കും എന്നും ഓഫിസില്‍ അറിയിച്ചിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്നത് ദുരൂഹമാണ്. 14നാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി പൂക്കള്‍ വാങ്ങുന്നത്. അമ്മ മരിച്ച ശേഷം മൃതദേഹത്തില്‍ വിതറിയിരുന്നത് ഈ പൂക്കളായിരുന്നു. 15നാണ് എല്ലാവരുടെയും മരണം നടന്നിരിക്കുന്നത് എന്നാണ് സൂചനകള്‍. വീട്ടില്‍ നിത്യവും പൂജയും മറ്റും നടത്തുന്ന വിശ്വാസികളായ ഇവര്‍ ഇതിനായും പൂക്കള്‍ വാങ്ങിയിരുന്നു എന്ന് വിവരമുണ്ട്.
സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. പിതാവ് യു.സി.വിജയ് വളരെ നേരത്തെ മരിച്ചതിനെ തുടര്‍ന്ന് അമ്മ ശകുന്തളയാണ് 4 മക്കളെയും വളര്‍ത്തിയത്. ബൊക്കോറോ സ്റ്റീല്‍ സിറ്റിയില്‍ അധ്യാപികയായിരുന്നു ശകുന്തള. ഇവരുടെ ഒരു മകന്‍ നേരത്തെ മരിച്ചിരുന്നു. അതും ആത്മഹത്യയായിരുന്നു. വിവാഹിതയായി അബുദാബിയില്‍ ജീവിക്കുന്ന ഇളയ മകള്‍ പ്രിയയാണ് ഇന്ന് കുടുംബത്തില്‍ ശേഷിക്കുന്ന ഏക ആള്‍. പ്രിയ എത്തിയതിനു ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതും.