ബെല്ലി ലാൻഡിംഗോ,ഗിയർ തകരാറോ പക്ഷിയിടിച്ചതോ ? ദക്ഷിണ കൊറിയൻ വിമാനപകടത്തിന്റെ കാരണം
സോൾ. ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ല. ബാങ്കോക്കിൽ നിന്ന് മുവാനിലേക്കുള്ള യാത്രാമധ്യേയാണ് ജെജു എയർ ബോയിംഗ് 737-800 വിമാനം ബെല്ലി ലാൻഡിംഗ് ശ്രമത്തിനിടെ തകർന്നത്.
മരണ സംഖ്യ ഉയരുകയാണ്. അപകടസമയത്ത് വിമാനത്തിൽ 181 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് വ്യക്തികളെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു മതിലിലേക്ക് വിമാനം ഇടിച്ചുകയറി തകരുകയായിരുന്നു. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ ശരിയായി വിന്യസിക്കാൻ കഴിയാതെ വന്നപ്പോൾ നടത്തിയ അവസാന ശ്രമമായ ബെല്ലി ലാൻഡിംഗിന് പൈലറ്റുമാർ നിർബന്ധിതരായതിന് പിന്നാലെയാണ് വിമാനം തകർന്നത് എന്നാണ് റിപ്പോർട്ടുകൾ.
എയർപോർട്ട് അധികൃതരെ ഉദ്ധരിച്ച് യോൻഹാപ്പ് റിപ്പോർട്ട് അനുസരിച്ച്, സ്റ്റാൻഡേർഡ് ലാൻഡിംഗിൻ്റെ പ്രാരംഭ ശ്രമം വിജയിച്ചില്ല, ഇത് ക്രാഷ് ലാൻഡിംഗ് ശ്രമത്തിന് പ്രേരിപ്പിച്ചു. വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയറായ ടയറുകൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തനക്ഷമായില്ല. ഒരു പക്ഷി ഇടിച്ചതാകാം കാരണം എന്നാണ് അനുമാനിക്കപ്പെടുന്നത്.
“അപകടത്തിന് കാരണം പ്രതികൂല കാലാവസ്ഥയും പക്ഷി ഇടിച്ചതുമാണെന്ന് അനുമാനിക്കപ്പെടുന്നുവെന്നും എന്നാൽ കൃത്യമായ കാരണം. സംയുക്ത അന്വേഷണത്തിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് അപകടത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് മുവാൻ ഫയർ സ്റ്റേഷൻ മേധാവി ലീ ജിയോങ്-ഹ്യുൻ മാധ്യമങ്ങളോട് പറഞ്ഞത്.
അപകടത്തിൻ്റെ നിരവധി വശങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളും മുൻ പൈലറ്റുമാരും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 3 കിലോമീറ്ററിൽ താഴെയുള്ള റൺവേയിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിൻ്റെ അമിത വേഗത, ബെല്ലി ലാൻഡിംഗ് ആസൂത്രണം ചെയ്തിട്ടും റൺവേയ്ക്ക് സമീപം അഗ്നിശമന സേനാംഗങ്ങളുടെ അഭാവം, ബെല്ലി ലാൻഡിംഗിന് ശ്രമിക്കുന്നതിന് മുമ്പ് വിമാനത്താവളത്തിന് ചുറ്റും വലയം ചെയ്യാത്ത വിമാനത്തിൻ്റെ പാത എന്നിവയെപ്പറ്റിയാണ് ചോദ്യങ്ങൾ ഉയരുന്നത്.
സാധാരണഗതിയിൽ, സാങ്കേതിക തകരാർ നേരിടുന്ന വിമാനങ്ങൾ വിമാനത്താവളത്തെ വട്ടമിട്ട് പറക്കും, പ്രശ്നം പരിഹരിക്കാൻ പൈലറ്റുമാർക്ക് സമയം അനുവദിക്കും. എന്നിരുന്നാലും, ഈ ദാരുണമായ സാഹചര്യത്തിൽ, ആ നടപടിക്രമം പാലിച്ചില്ല. അതേ സമയം, ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സാങ്-മോക്കും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
“ഈ ദുരന്തം അനുഭവിച്ച ദുഃഖിതരായ കുടുംബങ്ങൾക്ക് ആശ്വാസവാക്കുകളൊന്നും മതിയാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അപകടത്തിൻ്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ മുഴുവൻ സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് സമഗ്രമായ പിന്തുണ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു ” അദ്ദേഹം പറഞ്ഞു.