ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി 8.6ശതമാനം ഇടിഞ്ഞതായാണ് കണ്ടെത്തല്‍. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കും.
തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെ നടത്തിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24 ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തല്‍.
വാഹനവിപണി, ഭവനകെട്ടിട നിര്‍മാണ മേഖല, കോര്‍പ്പറേറ്റ് രംഗം എന്നിവയില്‍ റിസര്‍വ് ബാങ്ക് സമിതി പഠനം നടത്തി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.