NationalNews

ശ്രീലങ്കയുടെ ഗതി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആർബിഐ ലേഖനം

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കടബാധ്യത ഏറെയുള്ള കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ലേഖനത്തില്‍ പറയുന്നു.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നിര്‍ദേശ പ്രകാരം സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സംഘം തയ്യാറാക്കിയ ലേഖനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളമടക്കം കനത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് മുന്നറിയിപ്പ് നല്‍കുന്നത്.

‘അയല്‍രാജ്യമായ ശ്രീലങ്കയിലെ സമീപകാല സാമ്പത്തിക പ്രതിസന്ധി പൊതു കടം സുസ്ഥിരതയുടെ നിര്‍ണായക പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു’ ലേഖനത്തില്‍ പറയുന്നു.

ബിഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ ഏറ്റവും കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക്, അവരുടെ മൊത്തം കടം സുസ്ഥിരമല്ല, കാരണം കടത്തിന്റെ വളര്‍ച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഎസ്ഡിപി) വളര്‍ച്ചയെ മറികടന്നിരിക്കുയാണെന്നും ആര്‍ബിഐ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചത്, അര്‍ഹമല്ലാത്ത സൗജന്യങ്ങള്‍ക്കുള്ള ചെലവ് വര്‍ധന, ആകസ്മികമായുള്ള ബാധ്യതകളുടെ വര്‍ധനവ് തുടങ്ങിയ കാര്യങ്ങളില്‍ തന്ത്രപരമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണ്.

സ്വന്തമായുള്ള നികുതി വരുമാനത്തിലെ കുറവ്, പ്രതിജ്ഞാബദ്ധമായ ചെലവുകളുടെ ഉയര്‍ന്ന വിഹിതം, വര്‍ദ്ധിച്ചുവരുന്ന സബ്സിഡി ഭാരങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തെ കോവിഡ് ഇതിനകം തന്നെ വഷളാക്കിയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

അതേ സമയം മേല്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ ലേഖനം എഴുതിയ സാമ്പത്തിക വിദഗദ്ധരുടേതാണെന്നും തങ്ങളുടേതായി കാണേണ്ടതില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker