ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഇടപെടല്‍. മൂന്ന് മാസത്തെ വായ്പകള്‍ക്ക് ആര്‍.ബി.ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു. നിശ്ചിത കാലാവധിയിലുള്ള ലോണുകള്‍ക്കാണ് ഇളവ് കിട്ടുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു.
ബാങ്കുകള്‍ക്കും, ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നും രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കും എന്നു വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസാധാരണ സാഹചര്യത്തിലൂടെയാണ് സാമ്പത്തിക രംഗം കടന്ന് പോകുന്നത് എന്ന് വിലയിരുത്തിയാണ് സാമ്പത്തികരക്ഷാ പേക്കേജുകള്‍ പ്രഖ്യാപിച്ചത്. വിപണിയില്‍ നിശ്ചലാവസ്ഥയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തിച്ച് ഇത് മറികടക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.