നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തത് താന്‍ തന്നെ; ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രവി പൂജാരി
ബംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വയ്പ്പ് കേസില്‍ പ്രതിയായ രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് നിര്‍ണായക വിവരങ്ങള്‍. കേസില്‍ തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ രവി പൂജാരി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ നല്‍കിയത് താനാണെന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരി സമ്മതിച്ചു.
നടി ലീന മരിയ പോളും നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് അവര്‍ ഒളിവില്‍ കഴിയുകയാണ്. തട്ടിപ്പ് നടത്തുന്ന ഇത്തരം വ്യക്തികളെ കേന്ദ്രീകരിച്ചാണ് രവി പൂജാരിയുടെ ക്വട്ടേഷനും ഭീഷണികളുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. ബംഗളൂരുവില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കര്‍ണാടക പോലീസും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. രവി പൂജാരി ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. സെനഗലില്‍ ആഡംബര ജീവിതം നയിച്ച ഇയാളെ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിച്ചത്.
രവി പൂജാരിയെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിക്കും. ഇതിന്റെ ഭാഗമായാണ് ടോമിന്‍ ജെ തച്ചങ്കരി ബംഗളൂരുവില്‍ എത്തിയത്. അടുത്ത ദിവസം തന്നെ കോടതിയെ സമീപിച്ച് ഇയാളെ കേരളത്തിലെത്തിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.