ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ്നാട്ടില്‍ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കരൂര്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായെന്നും ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നുമുള്ള ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ആദ്യഘട്ടത്തില്‍ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാല്‍ ആത്മഹത്യാ കുറിപ്പ് പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.