ലക്‌നോ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്.
ഉന്നാവോലെ ബംഗര്‍മൗ നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സെന്‍ഗാറിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങി. കേസില്‍ സെന്‍ഗാറിന് കോടതി മരണംവരെ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അയോഗ്യനാക്കികൊണ്ടുള്ള നിയമസഭയുടെ വിജ്ഞാപനം.
ഡിസംബര്‍ 20-ന് അയോഗ്യത പ്രാബല്യത്തില്‍ വന്നതായി യുപി നിയമസഭയുടെ വിജ്ഞാപനത്തില്‍ പറയുന്നു. ഇതേ ദിവസമാണ് കുല്‍ദീപ് സിംഗിന് കോടതി ശിക്ഷ വിധിച്ചത്. സെന്‍ഗാറിന് ജീവിതാവസാനം വരെയാണ് കോടതി തടവുശിക്ഷ വിധിച്ചത്. ഇതിനുപുറമേ 25 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇതില്‍ പത്തു ലക്ഷം രൂപ പെണ്‍കുട്ടിക്കും 15 ലക്ഷം രൂപ കേസിന്റെചെലവിനുമായി നല്‍കണം. സെന്‍ഗാര്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവ് അനുഭവിക്കണമെന്ന് വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.>/p>