ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; അഞ്ചു പേര്‍ പിടിയില്‍
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പോക്സോ നിയമപ്രകാരം അഞ്ച് പേര്‍ അറസ്റ്റില്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തില്‍ ചെറുപുഴ വെളി ഉണ്ണി എന്ന സുജിത്ത് (21), മൂലംകുഴിവെളി വൈശാഖ് ബാബു (24) , കുന്നത്തുവെളി കണ്ണന്‍ എന്ന രാജേഷ് (36), നികര്‍ത്തില്‍ രതീഷ് (38), പതിയാമൂല ലിജിന്‍ ജോണ്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന് സമീപത്തു വെച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.