കോഴിക്കോട് ചികിത്സ തേടിയെത്തിയ യുവതിയെ നഴ്‌സിംഗ് അസിസ്റ്റന്റ് കടന്നുപിടിച്ചതായി പരാതി
കോഴിക്കോട്: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്സിങ് അസിസ്റ്റന്റ് കടന്നു പിടിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് അനിലിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കൈക്ക് ഇട്ടിരുന്ന ബാന്‍ഡേജ് ഒഴിവാക്കുന്നതിന് കഴിഞ്ഞ 4ാം തീയതി രാവിലെയാണ് യുവതി ബീച്ച് ആശുപത്രിയിലെത്തിയത്. ബാന്‍ഡേജ് ഒഴിവാക്കുന്നതിനിടെ നഴ്സിങ് അസിസ്റ്റന്റ് അനില്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ ബീച്ച് ആശുപത്രി സൂപ്രണ്ടിനും വെള്ളയില്‍ പൊലീസിനും യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാരനെതിരെ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.