മുംബൈ: ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്‍റെ പാട്ട് ഒരു യാത്രക്കാരനാണ് പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയ ഇവരെക്കൊണ്ട് ചില ഗാനങ്ങൾ പാടിപ്പിച്ചിരുന്നു. ഇതിനിടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുകയും ഉപേക്ഷിച്ച് പോയ മകളും കുടുംബവും തിരിച്ചെത്തുകയും ചെയ്‌തു. പണവും പ്രശസ്‌തിയും റാനുവിനെ തേടിയെത്തി.
ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളിലും മലയാളത്തിലെ ടെലിവിഷന്‍ ഷോകളിലും നിരവധി ഉദ്‌ഘാടന ചടങ്ങുകളും ഇവർ മുഖ്യസാന്നിധ്യമായി. മേക്ക് ഓവർ നടത്തിയും ശ്രദ്ധയാർജ്ജിച്ചു. ഇതിനിടെ ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി തട്ടിവിളിച്ച ആരാധികയെ തട്ടി മാറ്റുകയും അവരോട് ദേഷ്യപ്പെടുകയുമായിരുന്നു.
ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്‍റെ ഒരു വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി തകർന്ന നിലയിലാണ് ഇവരെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.