രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്,ആലപ്പുഴയില്‍ ജാഗ്രത
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്.
കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികളിൽ 14 പേരെ നേരിട്ടു കേട്ട ശേഷമാണു അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി 30ന് വിധി പറയാനായി മാറ്റിയത്. കേസിലെ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളുടെ സാമൂഹിക അവസ്ഥ സംബന്ധിച്ച സംസ്ഥാന സർക്കാർ, ജില്ലാ പ്രബേഷൻ ഓഫിസർ, പ്രതികളുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ചു മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട്, പ്രതികളുടെ മാനസിക ആരോഗ്യം സംബന്ധിച്ചു സൈക്യാട്രി വിഭാഗം റിപ്പോർട്ട് എന്നിവ കോടതി നിർദേശം അനുസരിച്ച് ഹാജരാക്കിയിരുന്നു.