28.9 C
Kottayam
Thursday, May 2, 2024

രഞ്ജി ട്രോഫി: അസം തകര്‍ന്നു,കേരളത്തിന് വിജയപ്രതീക്ഷ;ബേസില്‍ തമ്പിക്ക് അഞ്ച് വിക്കറ്റ്;

Must read

ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ അസമിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 419നെതിരെ അസമിന് ഫോളോഓണ്‍ ഒഴിവാക്കാനായില്ല. അസം ഒന്നാം ഇന്നിംഗില്‍ 248 റണ്‍സാണ് നേടിയത്. 171 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം നേടിയത്. അഞ്ച് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയാണ് അസമിനെ തകര്‍ത്തത്. ജലജ് സക്‌സേനയ്ക്ക് നാല് വിക്കറ്റുണ്ട്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച അസം വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെടുത്തിട്ടുണ്ട്. റിഷവ് ദാസ് (11), രാഹുല്‍ ഹസാരിക (11) എന്നിവരാണ് ക്രീസില്‍. 

ഏഴിന് 231 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ അസമിന് 17 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഇന്ന് ആകാശ് സെന്‍ഗുപ്ത (19), മുഖ്താര്‍ ഹുസൈന്‍ (24), സുനില്‍ ലചിത് (0) എന്നിവരുടെ വിക്കറ്റുകളാണ് അസമിന് നഷ്ടമായത്. രാഹുല്‍ സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് (125 പന്തില്‍ 116) അസമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടിന് 14 എന്ന നിലയിലാണ് അസം മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ചിരുന്നത്. തുടക്കത്തില്‍ തന്നെ ഗദിഗവോങ്കറുടെ (4) വിക്കറ്റ് കൂടി അസമിന് നഷ്ടമായി. അതോടെ മൂന്നിന് 25 എന്ന നിലയിലായി അസം. 

പിന്നീടായിരുന്നു പരാഗിന്റെ രക്ഷാപ്രവര്‍ത്തനം. 31 റണ്‍സെടുത്ത ഓപ്പണര്‍ റിഷവ് ദാസിനൊപ്പം 91 റണ്‍സാണ് പരാഗ് കൂട്ടിചേര്‍ത്തത്. ദാസിനെ, ബേസില്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ ഗോകുള്‍ ശര്‍മ (12), സാഹില്‍ ജെയ്ന്‍ (17) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ ആകാശ് സെന്‍ഗുപ്തയെ കൂട്ടുപിടിച്ച് പരാഗ് സെഞ്ചുറി പൂര്‍ത്തിയാക്കി. 125 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 16 ഫോറും നേടിയിരുന്നു. വിശ്വേഷര്‍ സുരേഷാണ് പരാഗിനെ മടക്കുന്നത്. ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെതിരെയും പരാഗ് സെഞ്ചുറി നേടിയിരുന്നു. 

നേരത്തെ രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ആദ്യ ദിനം അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് (83) പുറമെ കൃഷ്ണപ്രസാദ് (80), രോഹന്‍ പ്രേം (50) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(148 പന്തില്‍ 131) കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ടീം സ്‌കോര്‍ 200 കടന്നതിന് പിന്നാലെ രോഹന്‍ പ്രേമും പിന്നാലെ കൃഷ്ണപ്രസാദും പുറത്താവുകയും പിന്നീടെത്തിയ വിഷ്ണു വിനോദ്(19) പെട്ടെന്ന് മടങ്ങുകയും ചെയ്തതോടെ കേരളം പ്രതിരോധത്തിലായിരുന്നു. റണ്‍സൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും കൂടി പുറത്തായതോടെ കേരളം ബാറ്റിംഗ് തകര്‍ച്ചയിലായി. ശ്രേയസ് ഗോപാല്‍(18) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ നേടിയില്ല, പിന്നാലെ ജലജ് സക്സേന (1) കൂടി വീണതോടെ നല്ല തുടക്കം കേരളം കളഞ്ഞു കുളിച്ചെന്ന് കരുതി.

എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിയ സച്ചിന്‍ ബേബി വാലറ്റക്കാരായ ബേസില്‍ തമ്പിയെയും (16), എം ഡി നിഥീഷിനെയും (12) കൂട്ടുപിടിച്ച് സെഞ്ചുറിയിലെത്തി കേരളത്തെ 400 കടത്തി. 138 പന്തില്‍ 14 ഫോറും നാലു സിക്സും പറത്തിയ സച്ചിന്‍ 116 റണ്‍സെടുത്തു. അസമിനായി രാഹുല്‍ സിംഗ് മൂന്നും സിദ്ധാര്‍ത്ഥ് ശര്‍മ രണ്ടും വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week