അന്ന് അമ്പലപ്പറമ്പിൽ തനിച്ച്,ഇന്ന് മമ്മൂക്കയുടെ കാറിലാണ് പോകുന്നത്; രമേശ് പിഷാരടി
കൊച്ചി:മിമിക്രി വേദിയിൽ നിന്നും മലയാള സിനിമയിൽ എത്തി തന്റേതായൊരിടം കണ്ടെത്തിയ കലാകാരൻ ആണ് രമേശ് പിഷാരടി. സഹതാരമായെത്തി സംവിധായകന്റെ മേലങ്കിയും അണിഞ്ഞ പിഷാരടിയ്ക്ക് ഇന്ന് വലിയ തോതിലുള്ള ഫാൻ ബേയ്സ് ആണ് ഉള്ളത്. അദ്ദേഹത്തിന്റെ കൗണ്ടർ കോമഡികൾക്ക് പ്രത്യേകം ആരാധകരുമുണ്ട്.
സമീപകാലത്ത് നടൻ മമ്മൂട്ടിക്കൊപ്പം പിഷാരടി ഉണ്ടാകാറുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാകും. ഇതിന്റെ പേരിൽ ട്രോളുകളും മുൻപ് ഇറങ്ങിയിരുന്നു. ഇപ്പോഴിതാ താനും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ പറ്റി തുറന്നു പറയുകയാണ് പിഷാരടി.
“മമ്മൂക്കയുമായുള്ള ബന്ധത്തെ സൗഹൃദം എന്ന പേരിട്ട് വിളിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. തോളത്ത് കയ്യിട്ടൊക്കെ നടക്കുന്നതാണ് സൗഹൃദം. എനിക്ക് അദ്ദേഹത്തോടുള്ളത് സ്നേഹവും ബഹുമാനവും ആണ്. ഒരുപക്ഷേ അദ്ദേഹത്തിന് എന്നോട് ഉണ്ടാകുക സ്നേഹവും പരിഗണനയും ആണ്. അദ്ദേഹത്തിന്റെ അടുത്തേക്കുള്ളൊരു മാർജിൻ ഒരല്പം ഇങ്ങോട്ട് മാറ്റി വരച്ച് തരുന്നു. നമ്മൾ കണ്ട, തിയറ്ററിൽ ആസ്വദിച്ച വലിയ ഹിറ്റുകളായിട്ടുള്ള പല സിനിമകൾ, ചരിത്രം, ഓർമകൾ, രാഷ്ട്രീയപരമായ ചർച്ചകൾ ഇതൊക്കെ നമുക്ക് അദ്ദേഹത്തോട് ചർച്ച ചെയ്യാൻ പറ്റും. ചില ട്രോളുകൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അവയെ സന്തോഷത്തോടെ സ്വീകരിക്കുകയാണ്”, എന്നാണ് പിഷാരടി പറഞ്ഞത്. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം.
തന്റെയൊരു പഴയകാല അനുഭവവും രമേശ് പിഷാരടി പങ്കുവച്ചു. “കുറേ നാളുകൾക്ക് മുൻപ് ഗാനമേളകളുടെ ഇടവേളകളിൽ മിമിക്രി കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തിരുവനന്തപുരത്തുള്ളൊരു ട്രൂപ്പിൽ ഞാൻ കളിക്കുമ്പോൾ, ഒരു ആർട്ടിസ്റ്റ് എന്നെ വിളിച്ചിട്ട് അയാളുടെ നാട്ടിൽ ഒരു പരിപാടിയുണ്ട്, കുറച്ച് പ്രശസ്തരായ കലാകാരന്മാരെ അങ്ങോട്ട് കൊണ്ടുവരണം എന്ന് പറഞ്ഞു. ഞാൻ സമ്മതിക്കുകയും ചെയ്തു.
അവിടെ ഉള്ളൊരു ഗൾഫുകാരനാണ് പരിപാടിയുടെ സ്പോൺസർ. ഞാൻ ഉൾപ്പടെ നാല് പേരവിടെ പോയി. മാരുതി 800 കാറിൽ ഉത്സവ സ്ഥലത്ത് എത്തി. പരിപാടി തീരുമ്പോഴേക്ക്, അവര്‍ക്ക് ഏതോ ഒരു സുഹൃത്തിനെ കൂടി കിട്ടി. ഷോ കഴിഞ്ഞ് പോകുമ്പോൾ അയാളും ഒപ്പം വേണം. ഒരാൾ പുറത്തിറങ്ങിയെ പറ്റുള്ളൂ. എന്നിട്ട് എന്നോട് പറഞ്ഞു ഇവിടുന്നൊരു എട്ട് കിലോമീറ്റർ അപ്പുറത്താണ് ജംങ്ഷൻ. ഇവരെ അവിടെ കൊണ്ടാക്കിയിട്ട് തിരിച്ചുവരാമെന്നും പറഞ്ഞു. ശേഷം എന്നെ കൊണ്ടാക്കാം എന്ന് പറഞ്ഞു. അവരാ വഴി പോയി.
ഒരു മണി മുതൽ ആ അമ്പലപ്പറമ്പിൾ കാത്തുനിൽക്കാൻ തുടങ്ങി. അവിടെ ഒരു പലകയിൽ അവർ വന്നാൽ കാണാൻ കണക്കിന് കിടന്നുറങ്ങി. രാവിലെ 8.30, 9 മണിയായി എഴുന്നേറ്റപ്പോൾ. ഇന്നലെ പരിപാടി കണ്ടവർ ജോലിക്ക് പോകാൻ നിൽക്കുമ്പോൾ ഞാൻ ഇവിടെ നിക്കുന്നു. പോയില്ലേ എന്ന് പലരും ചോദിച്ചു. ഒടുവിൽ ബസ് കയറി തിരുവനന്തപുരത്തേക്ക് എത്തി. അവിടെ നിന്നും എറണാകുളത്തേക്കും ബസ് കയറി. സീറ്റൊന്നും ഇല്ല. നിന്നുറങ്ങി യാത്ര ചെയ്യുകയാണ്.
അപ്പോഴൊക്കെ നമ്മുടെ ആഗ്രഹം സിനിമ നടനാകണം അവരെ പരിചയപ്പെടണം എന്നൊക്കെ ആണ്. ആ എനിക്ക് എറണാകുളത്തുള്ളൊരു വലിയ സ്റ്റാർ ഹോട്ടലിൽ, എല്ലാ സിനിമാ താരങ്ങളും ഉള്ള അമ്മയുടെ മീറ്റിങ്ങിന് മമ്മൂക്കയുടെ കാറിൽ പോകാൻ ഒരവസരം കിട്ടുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം, അഭിമാനം ഇവരാരും വാക്കാല്‍ പറയുന്നതിനും അപ്പുറം ആണ് എന്നത് കൊണ്ട് ഞാനത് ചെയ്യും”, എന്നാണ് പിഷാരടി പറഞ്ഞത്.