KeralaNews

‘അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ്’; ചെന്നിത്തലയെ കുറിച്ച് മകന്‍ രോഹിത്ത്

ഹരിപ്പാട്: അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മകന്‍ രോഹിത്ത് ചെന്നിത്തല. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

ഇടത് പ്രൊഫൈലുകള്‍ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബര്‍ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ചെന്നിത്തലയുടെ അഭിനന്ദനങ്ങള്‍ക്ക് കോട്ടം വരുത്താന്‍ കാരണമായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല ഇടപ്പെട്ട സമരങ്ങള്‍, സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍, പ്രതിഷേധങ്ങള്‍ ഇവയെല്ലാം ഒരുപരിധിവരെ വിജയം കണ്ടവയാണെന്നും രോഹിത്ത് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും.
ഇടത് പ്രൊഫൈലുകള്‍ അയാള്‍ക്ക് നേരെ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബര്‍ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ഇതിന് കാരണമായെന്നിരിക്കാം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല ഇടപ്പെട്ട സമരങ്ങള്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിഷേധങ്ങള്‍ ഒരുപരിധിവരെ എല്ലാം വിജയം കണ്ടവയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ദുരൂഹമായ നടത്തിയ ഓരോ കരാറില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത റോള്‍ ചെന്നിത്തലയുടെതായുണ്ട്.

1. ബന്ധുനിയമനം : മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് ശേഷം നിയമനം റദ്ദാക്കി.
2. സ്പ്രിന്‍ക്ലര്‍: കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനി സ്പ്രിന്‍ക്ലറിനു കരാര്‍ നല്‍കിയതില്‍ ചട്ടലംഘനം. ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി .
3.പമ്പ മണല്‍ക്കടത്ത് : 2018 ലെ പ്രളയത്തില്‍ അടിഞ്ഞ കോടികളുടെ മണല്‍ മാലിന്യമെന്ന നിലയില്‍ നീക്കാന്‍ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാര്‍ നല്‍കി. സര്‍ക്കാരിന് 10 കോടിയുടെ നഷ്ടമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറി.
4. ബ്രൂവറി: നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് 3 ബീയര്‍ ഉല്‍പാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിര്‍മാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചതില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സര്‍ക്കാര്‍ അനുമതി റദ്ദാക്കി.
5. മാര്‍ക്ക് ദാനം: സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തും മാര്‍ക്ക് ദാനവും. മാര്‍ക്ക് ദാനം നിയമവിരുദ്ധമെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി.
6. ഇ-മൊബിലിറ്റി പദ്ധതി: ഇ-മൊബിലിറ്റി കണ്‍സല്‍റ്റന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത്. സര്‍ക്കാര്‍ PWCയെ ഒഴിവാക്കി.

7. സഹകരണ ബാങ്കുകളില്‍ കോര്‍ബാങ്കിങ്: സ്വന്തമായി സോഫ്റ്റ്വെയര്‍ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോര്‍ബാങ്കിങ് സോഫ്റ്റ്വെയര്‍ സ്ഥാപിക്കാന്‍ 160 കോടിയുടെ കരാറെന്ന് ആരോപണം. സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി.
8. സിംസ് പദ്ധതി: പൊലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിംസ്) എന്ന പദ്ധതിയുടെ പേരില്‍ ഗാലക്‌സോണ്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കിയ വിവരം പ്രതിപക്ഷ നേതാവ് വിവാദമാക്കിയതോടെ സര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചു.

9. പൊലീസ് നിയമഭേദഗതി: പൊലീസ് നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിയമം സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് (റിപ്പീലിങ് ഓര്‍ഡിനന്‍സ്) പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു.
10. ആഴക്കടല്‍ മത്സ്യ ബന്ധം: കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഒരാഴ്ചക്ക് ശേഷം EMCCയുമായി ഉണ്ടാക്കിയ എല്ലാ ധാരണ പത്രങ്ങളും സര്‍ക്കാര്‍ റദ്ദാക്കി.
പ്രളയം, കൊറോണ തുടങ്ങിയ പാന്റമിക് സിറ്റ്വേഷന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ നടത്താന്‍ ഉദ്ദേശിച്ച ഓരോ അഴിമതിയും പുറം ലോകത്തെ അറിയിച്ചത് രമേശ് ചെന്നിത്തലയാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

-FB
#ഐശ്വര്യ_കേരളം_വരും_ഉറപ്പ്
#UDF

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button