രണ്ടാം പിണറായി സര്‍ക്കാറിൻ്റെ സത്യപ്രതിജ്ഞ,ഔദ്യോഗിക വസതിയിലിരുന്നു കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ചടങ്ങ് രമേശ് ചെന്നിത്തല കണ്ടത് കണ്ടോൺമെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്ന്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു.
സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിൽക്കുക എന്നല്ല ഉദ്ദേശിച്ചതെന്നും ഓൺലൈനായി സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് തീരുമാനം എന്നും രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു , ഇതനുസരിച്ചായിരുന്നു ഓഫീസ് മുറിയിലിരുന്ന് രമേശ് ചെന്നിത്തല ടിവിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത്.
സര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോൾ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യവും രാഷ്ട്രീയ മണ്ഡലത്തിൽ സജീവമാണ്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി എത്തുമെന്നും അതല്ല ഏറ്റവും അധികം യുവ എംഎൽഎമാരുടെ പിന്തുണ വിഡി സതീശനാണെന്നും വാര്ത്തകളും ഉണ്ട്. രാവിലെ പിണറായി വിജയനെ വിളിച്ച് രമേശ് ചെന്നിത്തല ആശംസ നേര്‍ന്നിരുന്നു.
പുതിയ സർക്കാരിന് ആശംസയര്‍പ്പിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്:
ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓൺലൈനിൽ ചടങ്ങ് കാണും.
സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.