രാത്രിവരെ ഒപ്പമുണ്ടെന്ന് പറഞ്ഞ എം.എൽ.എ.മാർ നേരം വെളുത്തപ്പോൾ തള്ളിപ്പറഞ്ഞത് ഞെട്ടിച്ചു, കൈപിടിച്ച് വളർത്തിയവർ മറുകണ്ടം ചാടിയത് വിശ്വസിയ്ക്കാനായില്ല: തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും അരിക്ക് മുന്നിൽ അഴിമതി നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നുളള മാറ്റത്തെ കുറിച്ചും കോൺഗ്രസിന്റെ ഭാവിയെ കുറിച്ചും ഒരു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നോ
ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. കോവിഡ് ദുരിതങ്ങളിൽ നട്ടംതിരിയുന്ന ജനത്തിനു മുമ്പിൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ കാരുണ്യമായി മാറി. ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഞങ്ങൾ ഉന്നയിച്ചു. അവ സ്ഥാപിക്കുകയും സർക്കാർ പലതിൽനിന്നും പിൻവാങ്ങുകയും ചെയ്തു. എന്നാൽ, അരിക്ക് മുമ്പിൽ അഴിമതി നിന്നില്ല. രണ്ടു മാസത്തെ പെൻഷനും മറ്റും ഒരുമിച്ച് കിട്ടിയപ്പോൾ ജനങ്ങൾ മറ്റുകാര്യങ്ങൾ ഓർത്തില്ല. പ്രതിപക്ഷത്തിന് ഒരു ലെവൽ പ്ലേയിങ് ഗ്രൗണ്ട് ഇല്ലാതെപോയി. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു.
ന്യൂനപക്ഷങ്ങൾ കൈവിട്ടതോ
സി.എ.എ.യുടെ പ്രക്ഷോഭത്തിന്റെ കാലംമുതൽ അത്തരമൊരു ദിശാമാറ്റം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന് അവരുടെയിടയിൽ കൂടുതൽ സ്വീകാര്യത കിട്ടി. എന്നാൽ, ഇടതുപക്ഷം ചെയ്തത് ബി.ജെ.പി. ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ട് വാങ്ങി. മറുഭാഗത്ത് ബി.ജെ.പി.യുമായി രഹസ്യബന്ധമുണ്ടാക്കി. 69 മണ്ഡലങ്ങളിൽ സി.പി.എം. ബി.ജെ.പി. രഹസ്യധാരണയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ പ്രതിപക്ഷനേതാവാകാൻ ആഗ്രഹിച്ചിരുന്നോ
ഫലം വന്നപ്പോൾത്തന്നെ മാറിനിൽക്കാനാണ് ആഗ്രഹിച്ചത്. അക്കാര്യം സഹപ്രവർത്തകരോടെല്ലാം പറയുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം മോശമായതുകൊണ്ടല്ലല്ലോ തോറ്റത്, ഇപ്പോൾ മാറേണ്ട എന്ന് ആദ്യംപറഞ്ഞത് ഉമ്മൻ ചാണ്ടിയാണ്. എന്നോട് സംസാരിച്ച മുതിർന്നനേതാക്കളുടെ അഭിപ്രായവും അതുതന്നെയായിരുന്നു. മാറിനിൽക്കുന്നതിന് ഒരു മടിയും എനിക്കില്ലായിരുന്നു.
ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സൂചന ലഭിച്ചിരുന്നോ
ഹൈക്കമാൻഡ് പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റംവരുത്താൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് കഴിയുന്ന രീതിയിലൊക്കെ തിരക്കി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വീട്ടിൽ പോയിക്കണ്ട് ഉമ്മൻ ചാണ്ടി ഇക്കാര്യം ചോദിച്ചു. മല്ലികാർജുന ഖാർഗെ പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതിന് മനസ്സറിയാനായി വന്നപ്പോഴും ഹൈക്കമാൻഡ് മാറ്റം ഉദ്ദേശിക്കുന്നുണ്ടോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. മുൻവിധിയൊന്നുമില്ലെന്നായിരുന്നു ഉത്തരം.
തീരുമാനം വന്ന വഴിയേതാണ്
നിയമസഭാ കക്ഷിയിൽ എനിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ, ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഞാൻ അനുസരിക്കും. അതിനെ ഇതുവരെയും എതിർത്തിട്ടില്ല. എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിർപ്പ്.
വി.ഡി. സതീശന്റെ പേരുകൂടി വന്നതോടെ ഐ ഗ്രൂപ്പിൽ വലിയ വിള്ളൽ വീഴുകയായിരുന്നില്ലേ
ഹൈക്കമാൻഡ് അഭിപ്രായം ചോദിക്കുമ്പോൾ ഏതൊരാൾക്കും സ്വന്തം അഭിപ്രായം പറയാം. പറയണം. എന്നാൽ, എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രിവരെ പറഞ്ഞ ചില എം.എൽ.എ.മാർ പിറ്റേന്ന് നേരം വെളുത്തപ്പോൾ എന്നെ തള്ളിപ്പറയുകയായിരുന്നു. അതെന്നെ ഞെട്ടിച്ചു. ഞാൻ കൈപിടിച്ച് വളർത്തിയവർ അക്കൂട്ടത്തിലുണ്ട്. ഞാൻ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെപ്പോലും പിണക്കിയിട്ടും സീറ്റ് നൽകിയവരുണ്ട്. ഒരു സുപ്രഭാതത്തിൽ അവരെന്നെ തള്ളിപ്പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല.
കടപ്പാടുകളുണ്ടെങ്കിലും സ്വതന്ത്രമായ നിലപാട് അവർക്ക് എടുത്തുകൂടെ
എടുക്കാം. ഒരെതിർപ്പുമില്ല. എന്നാൽ, അത് തുറന്നുപറയാനുള്ള ആർജവവും സത്യസന്ധതയും അവർ പുലർത്തേണ്ടിയിരുന്നു. എന്നോടൊപ്പമാണെന്ന് എന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാൻഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണ്. ഞാനും ജി. കാർത്തികേയനും എം.ഐ. ഷാനവാസും കരുണാകരന് ഏറ്റവും വാത്സല്യമുള്ള ചെറുപ്പക്കാരായിരുന്നു. എന്നാൽ, ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം വന്നപ്പോൾ അദ്ദേഹത്തോട് നേരിൽ അക്കാര്യം തുറന്നുപറഞ്ഞശേഷമാണ് ഞങ്ങൾ വേറിട്ടൊരു നിലപാട് എടുത്തത്. അതുകൊണ്ടുതന്നെ പിന്നീട് ഒരുമിച്ചു ചേരാനും ഞങ്ങൾക്കോ കരുണാകരനോ ഒരു മാനസികപ്രയാസവും തോന്നിയില്ല.
താങ്കളെ വഞ്ചിച്ചെന്നു കരുതുന്ന ആളുകളോട് തുടർന്നുള്ള മനോഭാവം എന്തായിരിക്കും
മനുഷ്യസഹജമായ വികാരങ്ങളും പ്രയാസങ്ങളും എനിക്കുമുണ്ടല്ലോ. ഉയരങ്ങളിലെത്തണമെന്ന ആഗ്രഹം നല്ലതാണ്. എന്നാൽ, ബന്ധങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും കഴിയണം.
ഉമ്മൻ ചാണ്ടിയോടൊപ്പമുള്ളവരിലും ചോർച്ചയുണ്ടായല്ലോ
അദ്ദേഹത്തിനും അതിൽ വിഷമമുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
തലമുറമാറ്റം വേണമെന്ന ആവശ്യം യുവജനങ്ങളിൽ നിന്നുയരുക സ്വാഭാവികമല്ലേ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 53 യുവാക്കൾക്കാണ് ഞങ്ങൾ സീറ്റു നൽകിയത്. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ മൂന്നുപേരേ ജിയിച്ചുള്ളൂ.
എ.ഐ.സി.സി. തലത്തിലുള്ള സ്ഥാനത്തേക്ക് ക്ഷണിച്ചാൽ സ്വീകരിക്കുമോ
എനിക്ക് പ്രവർത്തിക്കാൻ ഒരു സ്ഥാനവും വേണമെന്നില്ല. ഒരു പാർട്ടി പ്രവർത്തകനായിരുന്നാൽ മതി. പാർട്ടി ഏൽപ്പിച്ച പ്രതിപക്ഷ നേതാവെന്ന സ്ഥാനം കഴിവിന് പരമാവധി ഞാൻ പ്രവർത്തിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏതു കാര്യവും അനുസരിക്കുകയെന്നതാണ് ഇതുവരെയുള്ള എന്റെ രീതി.
പുതിയ നേതൃത്വത്തെക്കുറിച്ച്
അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പോടെ കോൺഗ്രസ് തിരിച്ചുവരണം. കെ. സുധാകരനും വി.ഡി. സതീശനും ആ പാതയിലേക്ക് യു.ഡി.എഫിനെ നയിക്കാനുള്ള സാമർഥ്യമുണ്ട്. നിയമസഭയിലും പുറത്തും ആത്മാർഥമായ പിന്തുണ അവർക്ക് നൽകും. പാർട്ടി അധികാരത്തിൽ തിരിച്ചെത്തുകയെന്നത് മാത്രമാണ് എന്റെ സ്വപ്നം.
ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്നും പുകഴ്ത്തുന്നവർ എപ്പോഴും കൂടെയുണ്ടാകുമെന്നും വിചാരിക്കരുതെന്ന് കെ.സുധാകരനു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് നൽകിയിരുന്നു ‘‘അനുഭവത്തിന്റെ അടിസ്ഥാനത്തിലാണിതു പറയുന്നത്. അതൊരു പാഠമായി ഉണ്ടാകണം’’ – രമേശ് പറഞ്ഞപ്പോൾ ചിരിച്ചും കൈ ഉയർത്തിക്കാട്ടിയും സുധാകരൻ അംഗീകരിച്ചു. വേദിയിലും സദസ്സിലും ചിരി ഉയർന്നു.
കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ സുധാകരനെ അനുമോദിച്ചു പ്രസംഗിക്കുമ്പോഴാണു സമീപ കാലത്തു തന്നെ കൈവിട്ടവരെ ചെന്നിത്തല കുത്തിയത്. പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കുമെന്നു പറഞ്ഞ ശേഷം കയ്യൊഴിഞ്ഞവരുടെ നേരെയായിരുന്നു ഒളിയമ്പ്.
മതിയായ പിന്തുണ ലഭിക്കാതെ പോയതിന്റെ ഖേദം ചെന്നിത്തലയുടെ വാക്കുകളിൽ മറനീക്കി. സുധാകരനെ ബിജെപിക്കാരനായി ചിത്രീകരിക്കാൻ സിപിഎം നടത്തിയ നീക്കത്തിനെതിരെ താൻ രംഗത്തു വന്നത് മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണെന്നു രമേശ് പറഞ്ഞു. ഓർമവച്ച കാലം മുതൽ കോൺഗ്രസുകാരനായി ജീവിച്ച തന്നെയും കുടുംബത്തെയും ബിജെപിക്കാരാക്കാൻ ചിലർ ശ്രമിച്ചപ്പോൾ നമ്മുടെ ചില സ്നേഹിതരും ഒപ്പം ചേർന്ന് ഫെയ്സ്ബുക് പോസ്റ്റിട്ടു. പിന്തുണയ്ക്കാൻ ആരുമുണ്ടാകാത്ത ആ സ്ഥിതി സുധാകരനു വരരുത് എന്നു കരുതിയാണ് അദ്ദേഹത്തെ ന്യായീകരിച്ചു രംഗത്തുവന്നത്.
കോൺഗ്രസിലെ ഓരോരുത്തരുടെയും വികാരം അങ്ങനെയായിരിക്കണം. സുധാകരനെതിരെ അമ്പെയ്താൽ എല്ലാവർക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ ‘ചെന്നിത്തലയ്ക്കെതിരെ പറഞ്ഞതല്ലേ, കൂട്ടത്തിൽ നമുക്കും ഒന്നു താങ്ങിക്കളയാം’ എന്നു കരുതിയാൽ കോൺഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മൾ തന്നെയാണ്. എതിരാളികളുടെ കൂടെ നമ്മുടെ ആളുകൾ കൂടി ചേരുമ്പോഴാണു പ്രതിരോധിക്കാൻ കഴിയാത്ത സ്ഥിതി വരുന്നത്.
പാർട്ടി താൽപര്യത്തിനു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള നേതാവാണ് സുധാകരൻ. തന്റേടവും ആത്മധൈര്യവും എപ്പോഴും പ്രകടിപ്പിക്കും. അദ്ദേഹത്തിനു തീരെ ഇഷ്ടമില്ലാതിരുന്ന ആളെ കണ്ണൂർ ഡിസിസി പ്രസിഡന്റ് ആക്കണമെന്നു താനും ഉമ്മൻചാണ്ടിയും കൂടി പറഞ്ഞപ്പോൾ വ്യക്തി താൽപര്യം മാറ്റിവച്ച് ആ തീരുമാനം സുധാകരൻ അംഗീകരിച്ചു.
കെ.കരുണാകരൻ പാർട്ടി വിട്ട കാലത്താണു താൻ കെപിസിസി പ്രസിഡന്റ് ആകുന്നത്. പാർട്ടി തന്നെ ഇല്ലാതാകും എന്നു വിമർശിക്കപ്പെട്ട സമയത്തു ലക്ഷക്കണക്കിനു പ്രവർത്തകർ പണിയെടുത്ത് ഈ പ്രസ്ഥാനത്തെ തിരികെ കൊണ്ടുവന്നു. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടു എന്നതു സത്യം. എന്നാൽ കോവിഡ് വന്നില്ലായിരുന്നെങ്കിൽ ജനവിധി മറ്റൊന്നാകുമായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.