
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപാണ് ശശി തരൂർ ഇപ്പോൾ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടുതന്നെ ഈ വിവാദത്തിൽ പ്രതികരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന ശശി തരൂരിന്റെ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തരൂർ പാർട്ടിയിൽ വഹിച്ചിരുന്ന സ്ഥാനങ്ങൾ ചെന്നിത്തല ഓർപ്പിക്കുകയും ചെയ്തു.
താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ശശി തരൂർ യു.എന്നിൽനിന്ന് വിട്ടുവന്ന സന്ദർഭത്തിൽ അദ്ദേഹത്തോട് പാർട്ടിയിൽ ചേരണമെന്ന് പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് നിൽക്കണമെന്നാണ് താനന്ന് നിർദേശിച്ചത് സത്യമാണ്. ശശി തരൂർ പറഞ്ഞ ഇക്കാര്യം നൂറുശതമാനം ശരിയാണ്. അദ്ദേഹത്തെപ്പോലൊരാൾ പാർട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തരൂരിനെ ക്ഷണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
“പാർട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെ.പി.സി.സി സമ്പൂർണ സമ്മേളനത്തിലേക്ക് കെ.പി.സി.സി പ്രസിഡന്റായിരുന്ന ഞാൻ ക്ഷണിച്ചു. സോണിയാ ഗാന്ധിയും ഉണ്ടായിരുന്ന വേദിയിൽ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് ശശി തരൂർ കോൺഗ്രസിലേക്ക് വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ പാർട്ടിയിൽത്തന്നെ നിൽക്കേണ്ടതിലെ അനിവാര്യതകൊണ്ടാണല്ലോ അദ്ദേഹത്തെ നാലുതവണ കോൺഗ്രസ് എം.പിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവർഷമായി കോൺഗ്രസിന്റെ നാല് സ്ഥിരംസമിതിയംഗങ്ങളിൽ ഒരാളാക്കിയതും.” രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ തനിക്ക് തന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് ശശി തരൂർ അഭിമുഖത്തിൽ പറഞ്ഞത്. സോണിയാ ഗാന്ധിയും മൻമോഹൻ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.