തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ല. ഇത് ചീപ്പായിപ്പോയി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്നും രമേശ് ചെന്നിത്തല. ഇത് കേരളത്തിലെ ജനം മനസിലാക്കും. ശരിയായ രീതിയിൽ ജനം ഇതിന് മറുപടി നൽകും. ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല. വർധിത വീര്യത്തോടെ പോരാടും. പാളിച്ചകൾ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സർക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങൾ കാര്യങ്ങൾ കണ്ണുതുറന്നുകാണണം. ഞങ്ങൾ വിജയത്തിൽ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തുള്ള വിജയം നേടും. ജനം ആഗ്രഹിക്കുന്നത് അഴിമതി രഹിത ഭരണം. ജനത്തിന് അഭിപ്രായം പറയാനാവുന്ന ഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. അതിന് വേണ്ടി മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കും. 22ന് കർഷക കൂട്ടായ്മ നടത്തും. രാജ്ഭവന് മുന്നിൽ രാവിലെ 11 ന് നടത്തും. പങ്കെടുക്കാനാവുന്ന എല്ലാ എംപിമാരെയും എംഎൽഎമാരെയും വിളിച്ചു. 21 ന് വൈകീട്ട് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9 ന് യുഡിഎഫ് ഏകോപന സമിതി ചേരും. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകും.
യുഡിഎഫ് അപ്രസക്തം ആവുന്നു എന്നത് കള്ള പ്രചരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയത് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ വിജയം നേടാനായിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച വിജയം നേടിയില്ല. അതിൽ പ്രയാസമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ നടത്തിയ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പരിമിതിയുണ്ടായിരുന്നു.
കേരളത്തിന്റെ പൊതു രാഷ്ട്രീയം പ്രതിഫലിപ്പിക്കാൻ സാധിച്ചില്ല. അഴിമതിയിലും കൊള്ളയിലും മുന്നോട്ട് പോകുന്ന സർക്കാരാണ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇതിന് നേതൃത്വം നൽകി. ഇതെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കൊണ്ട് ഇല്ലാതാവില്ല. ഇതൊന്നും കേരളത്തിലെ ജനം അംഗീകരിക്കില്ല. ബിജെപി കേവലം 1600 സീറ്റിലാണ് ജയിച്ചത്. ബിജെപി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. ഏതാനും ചില പോക്കറ്റുകളിൽ മാത്രമാണ് അവർക്ക് അവരുടെ സാന്നിധ്യം തെളിയിക്കാനായത്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നത്. ശബരിമല വിവാദം മുതൽ തുടങ്ങിയതാണിത്. ഇപ്പോഴും തുടരുന്നു., ഇതൊന്നും കേരളത്തിൽ വിജയിക്കില്ല. ജനം ഇത് തിരിച്ചറിയും.
ബിജെപിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ് കേരളത്തിനുണ്ട്. അത് വിഷലിപ്തമാക്കാനുള്ള പ്രചാരണമാണ് സിപിഎം നടത്തുന്നത്. മതങ്ങളും ജാതികളും തമ്മിൽ രാഷ്ട്രീയ സംഘട്ടനം ഉണ്ടാക്കാനുള്ള ശ്രമം അപലപനീയം. കേരളത്തിൽ മതസ്പർധയും വർഗീയ ചേരിതിരിവും ഉണ്ടാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെയും ഫെയ്സ്ബുക് പോസ്റ്റും പ്രസ്താവനകളും ഇതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിലും വലിയ വിജയം കണ്ടതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഇനി വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ജനം രേഖപ്പെടുത്തും. ബിജെപിയും സിപിഎമ്മും മാത്രമേ ഉള്ളൂവെന്ന ധാരണ വേണ്ട. കോൺഗ്രസ് അടക്കം എല്ലാ പാർട്ടികളും യോഗം ചേരും. വർധിത വീര്യത്തോടെ തിരിച്ച് വരും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി. ഈ വക കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എവിടെ നിന്ന് കിട്ടിയിത്? അവസരങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ കാർഡും ന്യൂനപക്ഷ കാർഡും കളിക്കുന്ന രീതിയാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ഭാവനയിൽ കണ്ടതാണ്. ഞങ്ങൾ മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി. എൽഡിഎഫും ബിജെപിയും മാത്രമേയുള്ളൂവെന്ന് ധരിച്ചാൽ കണക്ക് തെറ്റുമെന്നേ പറയാനുള്ളൂ.