തിരുവനന്തപുരം: കോണ്‍ഗ്രസിലെ സര്‍സംഘചാലകാണു രമേശ് ചെന്നിത്തലയെന്ന കോടിയേരിയുടെ ആരോപണത്തോടു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്തു സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടു സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്നായിരിന്നു ചെന്നിത്തലയുടെ പ്രതികരണം.
കൊവിഡ് കാലത്ത്, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടു ശത്രുസംഹാര പൂജ നടത്തിയെന്നാണു സോഷ്യല്‍ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോള്‍ ശരിയാണ്. താനതു പറയേണ്ട എന്നുവച്ചതാണ്. എന്നാല്‍ നിരന്തരമായ വ്യക്തഹത്യകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു വരുന്നതു കൊണ്ടാണ് തനിക്കിതു പറയേണ്ടി വരുന്നത്. ശത്രുസംഹാര പൂജ നടത്തുന്നതില്‍ പിണറായി വിജയന്‍ പേടിച്ചാല്‍ മതിയെന്നും താന്‍ പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണു കോടിയേരി ബാലകൃഷ്ണന്‍. എസ്.ആര്‍.പിയുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍എസ്എസുകാര്‍ ആണെന്നു കോടിയേരിക്കു തോന്നുന്നത്. പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദിയാകുന്നത് ആദ്യമാണ്. ആര്‍എസ്എസിലക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണു കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം തന്റെ അച്ഛന് ആര്‍എസ്എസ് ബന്ധം ആരോപിച്ചു. പിന്നീടു തന്നെ സര്‍സംഘചാലകാക്കി. ഇപ്പോള്‍ തന്റെ ഗണ്‍മാനും ആര്‍എസ്എസ് എന്നാണു പറയുന്നത്. തന്റെ കുക്കിനെയും നാളെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.