മന്ത്രി കെ.ടി.ജലീലിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നു തിരുവനന്തപുരത്തു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സര്‍വകലാശാല അധികൃതര്‍ തള്ളിയപ്പോള്‍ വിഷയം സിന്‍ഡിക്കേറ്റില്‍ ഔട്ട് ഓഫ് അജന്‍ഡയായി അവതരിപ്പിച്ചു. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റഎല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇടതുപക്ഷക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നില്‍. ഒരിക്കലും ഇങ്ങനെ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധികാരമില്ല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച് കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.