KeralaNews

രാമക്ഷേത്ര പ്രസംഗം:സാദിഖലി തങ്ങളെ പുകഴ്ത്തി ജന്‍മഭൂമി മുഖപ്രസംഗം, വിമര്‍ശിച്ച് കെ.ടി.ജലീല്‍

കോഴിക്കോട്: രാമക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ നിലപാടിനെ പുകഴ്ത്തി ജന്മഭൂമി പത്രത്തിന്റെ മുഖപ്രസംഗം. രാമക്ഷേത്രവും പള്ളിയും മതേതരത്വത്തിന്റെ പ്രതീകമാണെന്ന സാദിഖലി തങ്ങളുടെ നിലപാട് സ്വാഗതാര്‍ഹവും ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്നുമായിരുന്നു ജന്മഭൂമിയുടെ മുഖപ്രസംഗം.

ജന്മഭൂമി മുഖപ്രസംഗം ലീഗ് ഓഫീസില്‍ ചില്ലിട്ട് സൂക്ഷിക്കണമെന്ന വിമര്‍ശനവുമായി കെ.ടി ജലീല്‍ എം.എല്‍.എ രംഗത്തെത്തി. സാദിഖലി തങ്ങള്‍ ഭാരതരത്‌നയുടെ ആദ്യകടമ്പ കടന്നെന്നും ‘ജന്മഭൂമി’ ലീഗിന് കൊടുത്ത പട്ടം എല്ലാ ലീഗോഫീസുകളിലും ചില്ലിട്ട് സൂക്ഷിക്കണമെന്നും ഖാഇദെമില്ലത്തിനും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും സേട്ടു സാഹിബിനും ബനാത്ത് വാലക്കും സീതിസാഹിബിനും സി.എച്ചിനും ശിഹാബ് തങ്ങള്‍ക്കും ഹൈദരലിതങ്ങള്‍ക്കും കിട്ടാത്ത ഇടമാണ് സാദിഖലി തങ്ങള്‍ക്ക് ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍ കിട്ടിയിട്ടുള്ളതെന്നുമായിരുന്നു കെ.ടി ജലീലിന്റെ പരാമര്‍ശം.

സാദിഖലി തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നായിരുന്നു ഇതിനോട് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ല.സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയെന്ന നിലപാടാണ് ശിഹാബ് തങ്ങള്‍ കൈക്കൊണ്ട മാതൃക. അത് നമ്മളും തുടരണം എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ സാരമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുകയുണ്ടായി.

ഇത്തരത്തില്‍ ഒരു പ്രസ്താവന സാദിഖലി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചു. അനഭിമതരായവരെയും എതിര്‍ത്തുനില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തി കീഴടക്കുക എന്നതാണ് സംഘപരിവാര്‍ നയം. ആ ഭയപ്പെടുത്തി കീഴടക്കലാണോ സാദിഖലി തങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു പരാമര്‍ശം ഉണ്ടാകാന്‍ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

1992 ഡിസംബറില്‍ ബാബറി പള്ളി പൊളിച്ചതിലും ആ തറയില്‍ വേറെ ഒരു അമ്പലമുണ്ടാക്കി അവിടെ പ്രധാനമന്ത്രി നേരിട്ടുവന്ന് പ്രാണപ്രതിഷ്ഠ നടത്തിയതിലും പ്രതിഷേധാര്‍ഹമായ അനവധി കാര്യങ്ങളുണ്ട്. ഇതില്‍ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവും പ്രതിരോധവും സാദിഖലി തങ്ങളുടെ പ്രസംഗത്തില്‍ കാണുന്നില്ലെന്ന് സാമൂഹ്യ നിരീക്ഷകന്‍ എം.എന്‍ കാരശ്ശേരി പറഞ്ഞു.

തങ്ങളുടെ പ്രസംഗത്തില്‍ ഒരു വിധേയത്വമാണ് കാണുന്നതെന്നും ആശയങ്ങളിലൂടെയാണ് പ്രതിഷേധിക്കണ്ടത് എന്നതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുവേണം അദ്ദേഹം സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടിടത്തോളം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉള്ളത് ഒരു വിധേയത്വമാണെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. എന്നാല്‍, കലഹത്തിനും കലാപത്തിനും ഒരുങ്ങരുതെന്ന സാദിഖലി തങ്ങളുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാരശ്ശേരി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധിയനുസരിച്ച് രണ്ടു മതവിഭാഗങ്ങള്‍ക്കും ആരാധനാലയം ഉണ്ടാവണം. അത് ഒരുമിച്ച് ഉണ്ടാക്കുവാന്‍ ശ്രമിക്കണമായിരുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തുന്ന സംഭവവികാസം ഉണ്ടാകുമ്പോള്‍. എന്നാല്‍ അത് ഉണ്ടായിട്ടില്ല. ആ വീഴ്ച സാദിഖലി തങ്ങളുടെ ശ്രദ്ധയില്‍ പെടാതെ പോയിരിക്കുന്നെന്നും അഥവാ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് കാണാതിരിക്കുന്നെന്നും രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗലൂരും വിമര്‍ശിച്ചു.

സാദിഖലി തങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ജമാഅത്തെ ഇസ്ലാമി സംഘടനയായ എസ്.ഐ.ഒ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button