അതെ എന്റെ വിവാഹം കഴിഞ്ഞു, പുറത്ത് പറയാതിരുന്നത് ഭയം മൂലം; ഹണിമൂണ്‍ ചിത്രങ്ങള്‍ക്കൊപ്പം വിവാഹ വാര്‍ത്ത തുറന്ന് പറഞ്ഞ് രാഖി സാവന്ത്
ബോളീവുഡ് താരം രാഖി സാവന്ത് വിവാഹിതയായെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരിന്നു. എന്നാലിപ്പോള്‍ തന്റെ വിവാഹ വാര്‍ത്തകളിലെ സത്യം തുറന്ന് പറഞ്ഞിരിക്കുകയാണ് രാഖി. താന്‍ വിവാഹിതയായെന്നും ഒരു പ്രവാസി വ്യവസായിയാണ് തന്നെ വിവാഹം ചെയ്തതെന്നും രാഖി പറഞ്ഞു. പേടി കാരണമാണ് ആദ്യം വിവാഹകാര്യം പുറത്ത് പറയാതിരുന്നതെന്നും പറഞ്ഞ രാഖി തന്റെ ഹണിമൂണ്‍ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
നെറ്റിയില്‍ സിന്ദൂരം അണിഞ്ഞ് കൈയ്യില്‍ മൈലാഞ്ചിയുമായി നില്‍ക്കുന്ന രാഖിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവിന്റെ മുഖം വ്യക്തമല്ല. യുകെയില്‍ ബിസിനസുകാരനായ റിതേഷാണ് ഭര്‍ത്താവ്. വിവാഹ ശേഷം റിതേഷ് യുകെയിലേക്ക് മടങ്ങിപ്പോയെന്നും വിസ വന്നാല്‍ താനും ഭര്‍ത്താവിന്റെ അടുത്തേക്കുപോകുമെന്നും എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുപോകില്ലെന്നും അഭിനയം തുടരുമെന്നും രാഖി പറയുന്നു.
തന്റെ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വിവാഹ വാര്‍ത്ത മറച്ചുവെച്ചത്. ‘സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാര്‍ക്കത് പ്രശ്‌നമേയല്ല. കാരണം, അവര്‍ക്കെന്നും സിനിമകള്‍ കിട്ടും. ഞാന്‍ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്.
ജൂലൈ 28നായിരുന്നു രാഖിയുടെ വിവാഹം. മുംബൈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ രാഖി പങ്കുവെച്ചിരുന്നു. എന്നാല്‍ അതൊരു ബ്രൈഡല്‍ ഷൂട്ടായിരുന്നു എന്നാണ് രാഖി പറഞ്ഞത്.