ഇനി മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു, മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ; രജനികാന്ത്
ചെന്നൈ:സിനിമ ലോകത്തെ കാപട്യങ്ങളില്ലാതെ പച്ചമനുഷ്യനായി ആരാധകർക്ക് മുന്നിലെത്തുന്നത് കൊണ്ട് തന്നെയാണ്, തമിഴ് നടൻ രജനീകാന്തിനെ സൂപ്പർസ്റ്റാറായി ആരാധകർ നെഞ്ചിലേറ്റിയത്. ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ആരാധകവൃന്ദമാണ് രജനികാന്തിനുള്ളത്. തന്റെ ജീവിതത്തിലെ പല സംഭവങ്ങളും രജനി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മദ്യപാനം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുന്ന സൂപ്പർസ്റ്റാറിന്റെ പഴയ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നത്.
സംവിധായകൻ കെ.ബാലചന്ദർ ഉപദേശിച്ചതിനെ തുടർന്നാണ് താൻ മദ്യപാനം ഉപേക്ഷിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. “ഒരിക്കൽ ഞാൻ ബാലചന്ദർ സർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ ഞാൻ അല്പം മദ്യപിച്ചു. പെട്ടന്ന് ഒരു സീൻ കൂടി എടുക്കാനുണ്ടെന്നും ഞാൻ ഉടൻ ചെല്ലണമെന്നും പറഞ്ഞ് ഒരാൾ എന്നെ വിളിച്ചു.
പെട്ടന്ന് തന്നെ ഞാൻ കുളിച്ച് പല്ല് തേച്ച് മൗത്ത് സ്പ്രേയൊക്കെ അടിച്ച് മോക്കഅപ്പ് ഇട്ട് റെഡിയായി. മദ്യപിച്ചത് അറിയാതിരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയില്ല. പക്ഷെ അദ്ദേഹത്തിന് ഞാൻ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. എന്നെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു, ‘നിനക്ക് നാഗേഷിനെ അറിയുമോ? എന്ത് നല്ല കലാകാരനാണ്. അവൻ്റെ മുൻപിൽ നീ ഒരു ഉറുമ്പ് പോലുമല്ല. പക്ഷെ മദ്യപിച്ച് നാഗേഷ് അവന്റെ ജീവിതം പാഴാക്കി. ഇനി നിന്നെ മദ്യപിച്ച് കണ്ടാൽ ചെരുപ്പ് ഊരി അടിക്കും.’
അന്ന് ഞാൻ ഷൂട്ടിങ് സെറ്റിൽ മദ്യപിക്കുന്നത് നിർത്തി. കശ്മീരിലോ ജമ്മുവിലോ, എത്ര തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിന് പോയാലും, ഒരു തുള്ളി മദ്യം പോലും ഞാൻ കഴിക്കില്ല,” രജനീകാന്ത് പറഞ്ഞു.
മദ്യപാനം ഇല്ലായിരുന്നെങ്കിൽ താൻ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ എന്ന് അടുത്തിടെ രജിനി തുറന്നു പറഞ്ഞിരുന്നു. മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും, മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെന്നുമാണ് രജനി പറഞ്ഞത്.