കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയോട് കൂറും ആത്മാര്‍ഥതയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
ഗ്രൂപ്പ് രാഷ്ട്രിയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. പൂച്ചയ്ക്കാര് മണികെട്ടും എന്നതാണ് പ്രശ്നം. പറയാന്‍ ആര്‍ക്കും ധൈര്യമില്ല. എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണം.
ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു ഘടകം ഉണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ എഴുതേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. അവരെ കൂടുതല്‍ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രെയും നാള്‍ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു.
പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മേയ് 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രെയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.