CricketNewsSports

IPL T20:ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയക്ഷ്യം

അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സ് വിജയക്ഷ്യം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. രണ്ടാം ഓവറില്‍ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റണ്‍സെടുത്തത്. പിന്നീട് ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം ആര്‍സിബിയെ പവര്‍പ്ലേയില്‍ മികച് സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാന്‍ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്. 

എന്നാല്‍ പത്ത് ഓവറിന് ശേഷം രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തില്‍ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (24) ട്രന്റ് ബോള്‍ട്ട് മടക്കിയതോടെ ആര്‍സിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാല്‍ ലോംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന മോഹം വിദൂരത്തായി. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നന്നു.

നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മക്‌കോയ് 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോള്‍ട്ട് ഇത്രയും ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആര്‍ അശ്വിനും ഒരു വിക്കറ്റുണ്ട്.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് യോഗ്യത നേടും. ഞായറാഴ്ച്ചയാണ് കലാശപ്പോര്. നേരത്തെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍, ഗുജറാത്തിനോട് തോറ്റിരുന്നു. ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്: യഷ്‌സ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker